ഹൈദരാബാദ്: തലാസീമിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ മാരക രക്ത വൈകല്യരോഗത്തോടെയുള്ള ശിശുജനനങ്ങള്‍ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും എച്ച്.ബി. എ.ടു രക്തപരിശോധന സൗജന്യമായി നടത്താന്‍ കേരള ബ്ലഡ് പേഷ്യന്‍റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും ഹൈദരാബാദ് തലാസീമിയ ആന്‍റ് സിക്കിള്‍ സെല്‍ സൊസൈറ്റിയും ധാരണയിലെത്തി.
തലാസീമിയ ആന്‍റ് സിക്കിള്‍ സെല്‍ സൊസൈറ്റി പ്രസിഡന്‍റ് ഡോ. ചന്ദ്രകാന്ത് അഗര്‍വാള്‍, സെക്രട്ടറി ഡോ.സുമന്‍ ജയിന്‍, വൈസ് പ്രസിഡന്‍റ് രത്നവല്ലി കോട്ടപ്പള്ളി എന്നിവരുമായി കൗണ്‍സില്‍ കേരള ബ്ലഡ് പേഷ്യന്‍റ്സ് പ്രൊട്ടക്ഷന്‍സ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കരീം കാരശ്ശേരി, കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് എം.വി. അസീസ് തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയിലാണ് നടപടിയായത്. കേരളത്തില്‍ നിന്നും രക്ത സാമ്പിളുകള്‍ കൊറിയര്‍ വഴി ഹൈദരാബാദിലേക്ക് എത്തിക്കും. രക്തപരിശോധനയില്‍ ജീന്‍ വാഹകരാണെന്ന് കണ്ടെത്തിയാല്‍ ഭര്‍ത്താവിന്‍റെ രക്തവും സൗജന്യ പരിശോധനക്കയക്കും. രണ്ടുപേരും ജീന്‍വാഹകരാണെങ്കില്‍ പ്രിനാറ്റല്‍ ഡയഗ്നോസിസ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കും. ജീന്‍വാഹകര്‍ ആയിരിക്കുകയെന്നത് ഒരു ആരോഗ്യപ്രശ്നമല്ല. എന്നാല്‍ രണ്ടുപേരും ജീന്‍വാഹകരാണെങ്കില്‍ ആ ദമ്പതികള്‍ക്കുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് ഇരുപത്തഞ്ച് ശതമാനം രക്ത വൈകല്യ മാരകരോഗം ബാധിക്കാനിടയുണ്ട്. അത്തരത്തിലുള്ള രോഗം സമ്പൂര്‍ണ്ണമായും പ്രതിരോധിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എല്ലാ ഗര്‍ഭിണികളെയും സ്ക്രീന്‍ ചെയ്യാനും കേരളത്തെ തലാസീമിയ, അരിവാള്‍ രോഗമുക്ത സംസ്ഥാനമാക്കാനും കൗണ്‍സില്‍ മുന്‍കൈയെടുക്കുന്നെതെന്ന് ഭാരവാഹികള്‍ പറഞ്ഞു.