കോഴിക്കോട് :വിദഗ്ദ ചികിത്സയൊ ജീവന്‍ രക്ഷാമരുന്നോ ലഭിക്കാതെ ഒരു തലാസീമിയ രോഗി കൂടി മരണപ്പെട്ട സംഭവം അങ്ങേയറ്റം ആശങ്കയുയര്‍ത്തുന്നു. എറണാംകുളം ജില്ലയിലെ ഏലൂക്കര ചെറിയ പാടത്ത് അശ്വതി (28) ആണ് അധികൃതരുടെ കുറ്റകരമായ വീഴ്ച കാരണം മരണത്തിനിരയായതെന്ന് കേരള ബ്ലഡ് പേഷ്യന്‍റ്സ് പ്രൊട്ടക്ഷന്‍സ് കൗണ്‍സില്‍ ആരോപിച്ചു.
അശ്വതി ചികിത്സ തേടിയിരുന്ന ആലുവ ജില്ലാ ആശുപത്രിയില്‍ ഹൃദയാഘാതം ഒഴിവാക്കാനുള്ള ഇഞ്ചക്ഷന്‍ ഇല്ല. ഹൃദയത്തില്‍ ഇരുമ്പിന്‍റെ അംശം പരിശോധന നടത്താനാവശ്യമായ ടി.ടു. എം.ആര്‍.ഐ സ്കാനിംഗ് നടത്താനുള്ള സംവിധാനം ഇതേ വരെ ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. അറുപതോളം തലാസീമിയ മേജര്‍ രോഗികള്‍ വിദഗ്ദ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ആശുപത്രിയാണിത്. . സര്‍ക്കാരിന്‍റെ ആശാധാരാപദ്ധതിയുടെ റീജിയണല്‍ കേന്ദ്രമായ ആലുവ ജില്ലാ ആശുപത്രിയില്‍ രക്തജന്യ രോഗികള്‍ക്ക് മതിയായ സൗകര്യമൊന്നും ഇതേ വരെ ഏര്‍പ്പെടുത്തിയിട്ടില്ല.
ഐ.സി.യു സൗകര്യമില്ല എന്നു പറഞ്ഞ് അശ്വതിയെ മടക്കി അയക്കുകയായിരുന്നു.തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്.സര്‍ക്കാരിന്‍റെ തുടരെത്തുടരെയുള്ള അവഗണന കാരണം മരണവക്ത്രത്തില്‍ കഴിയുന്ന രോഗികള്‍ ഇപ്പോള്‍ അങ്ങേയറ്റം ആശങ്കയിലാണ്.
അശ്വതിയുടെ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ബ്ലഡ് പേഷ്യന്‍റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കരീം കാരശ്ശേരി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കി. ആവശ്യമായ മരുന്ന് ലഭ്യതയും വിദഗ്ദ ചികിത്സയും ഉറപ്പാക്കിയില്ലെങ്കില്‍ ശക്തമായ സമര പരിപാടി തുടങ്ങുമെന്നും കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.