കോഴിക്കോട്: സാമൂഹ്യ സുരക്ഷാ മിഷന്‍റെ സമാശ്വാസം പദ്ധതിയില്‍ തലാസീമിയ രോഗികളെ മാറ്റിനിര്‍ത്തിയ നടപടിയില്‍ നിയമസഭാസമിതി സാമൂഹ്യ നീതി വകുപ്പില്‍ നിന്നും റിപ്പോര്‍ട്ട് തേടി. കേരള ബ്ലഡ്പേഷ്യന്‍റ്സ് പ്രൊട്ടക്ഷന്‍ നിയമസഭാസമിതിക്ക് സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി. നിലവില്‍ ഹീമോഫീലിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ രക്തജന്യ രോഗികളെ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. പദ്ധതിയില്‍ തലാസീമിയ രോഗികളെ കൂടി ഉള്‍പ്പെടുത്തണമെന്നും പ്രതിമാസ സഹായതുക 3000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കൗണ്‍സില്‍ അപേക്ഷ നല്‍കിയത്. റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറക്ക് അത് പരിഗണിച്ച ശേഷം സമിതിയുടെ തീരുമാനം അറിയിക്കുന്നതാണെന്ന് അണ്ടര്‍ സെക്രട്ടറി എസ്.ബിന്ദു അറിയിച്ചു. നിയമസഭാ സമിതിയുടെ നടപടിയെ ബ്ലഡ് പേഷ്യന്‍റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു. പ്രശ്നത്തില്‍ അനുകൂല നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് തലാസീമിയ രോഗികളും രക്ഷിതാക്കളും.