കണ്ണൂര്‍: തലശ്ശേരി ന്യൂമാഹിക്കടുത്ത് സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശി ഹരിദാസാണ് (54) കൊല്ലപ്പെട്ടത്.
പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് മടങ്ങിവരവെ വീടിന് മുന്നില്‍വച്ചായിരുന്നു ആക്രമണം.രണ്ട് ബൈക്കുകളിലായിട്ടാണ് അക്രമിസംഘമെത്തിയത്. ബഹളം കേട്ട് ബന്ധുക്കളും സ്ഥലത്തെത്തി.
ഇവരുടെ മുന്നില്‍വച്ചായിരുന്നു ഹരിദാസനെ കൊലപ്പെടുത്തിയത്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹരിദാസന്‍റെ സഹോദരന്‍ സുരനും വെട്ടേറ്റു. ഹരിദാസന്‍റെ കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. ബന്ധുക്കള്‍ ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്ന് സി പി എം പ്രാദേശിക നേതൃത്വം ആരോപിച്ചു.
എന്നാല്‍ ഈ ആരോപണം ബി.ജെ.പി നേതൃത്ത്വം നിഷേധിച്ചിട്ടുണ്ട്. ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഒരാഴ്ച മുമ്പ് സി പി എം ബി ജെ പി സംഘര്‍ഷമുണ്ടായിരുന്നു. സംസ്കാരം വൈകിട്ട് .അഞ്ച് മണിക്ക് വീട്ടുവളപ്പില്‍. മൃതദേഹം വിവിധയിടങ്ങളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ തലശ്ശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താലാണ്. കൊലയാളികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.