കൊച്ചി : ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്ന് കെ.പി.സി. സി പ്രസിഡന്‍റ് കെ.സുധാകരന്‍. ആശയക്കുഴപ്പങ്ങള്‍ ഡല്‍ഹിയില്‍ പറഞ്ഞു അവസാനിപ്പിച്ചു. തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ്. പാര്‍ട്ടിയും തരൂരും ഒറ്റക്കെട്ടാണെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.അതേസമയം എല്ലാവരും പാര്‍ട്ടി ചട്ടക്കൂട്ടിനകത്ത് നിന്ന് പ്രവര്‍ത്തിക്കണമെന്നും ഇത് തരൂരിനും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമാണ് കെ. സുധാകരന്‍റെ ഈ പ്രസ്താവന. സി.പി.എമ്മിന് ലീഗിനോട് പ്രേമമാണ്. രണ്ടുപേര്‍ക്കും പ്രേമം ഉണ്ടായാല്ലല്ലേ കാര്യം നടക്കൂ എന്ന് സുധാകരന്‍ പറഞ്ഞു. ലീഗിനെ പ്രശംസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ നേരെത്തെ,ശശി തരൂരിനെ വിമര്‍ശിച്ച് പ്രശ്നം വഷളാക്കരുതെന്നും അദ്ദേഹത്തിന്‍റെ വ്യക്തിത്വം ഉപയോഗപ്പെടുത്തണമെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.സി.പി.എമ്മിന്‍റെ പ്രശംസയില്‍ തക്ക മറുപടി നല്‍കിയ മുസ്ലിംലീഗിനെ യോഗത്തില്‍ അഭിനന്ദിക്കുകയും ചെയ്തു.തരൂര്‍ പാര്‍ട്ടിവിരുദ്ധമായി ഇതുവരെ സംസാരിച്ചിട്ടില്ല.അദ്ദേഹത്തിന്‍റെത് തികഞ്ഞ മതേതരത്വ നിലപാടാണ്. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികള്‍ക്ക് നല്ല സ്വീകാര്യത കിട്ടുന്നുണ്ട്. തരൂരിനെ വിമര്‍ശിച്ച് പ്രശ്നം വഷളാക്കരുതെന്നും രാഷ്ട്രീയകാര്യ സമിതിയോഗം നിര്‍ദേശിച്ചു. തരൂരിനെ കൂടി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് എ ഗ്രൂപ്പും കെ. മുരളീധരനും അഭിപ്രായപ്പെട്ടതായാണ് വിവരം.
ലീഗ് വര്‍ഗീയപാര്‍ട്ടിയല്ലെന്നും യു.ഡി.എഫിന്‍റെ പല നിലപാടുകളും തിരുത്തുന്നത് മുസ്ലിംലീഗ് ആണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇത് ലീഗും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തിന് തുടക്കം ആണെന്ന തരത്തില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു.ലീഗ് യു.ഡി.എഫില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ സി.പി.എമ്മിന് മറുപടി നല്‍കിയതിനെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രശംസിച്ചു.യോഗത്തില്‍ ചാന്‍സലര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കടുത്ത വിമര്‍ശനമാണ് നേരിട്ടതെന്ന് വിവരമുണ്ട്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ പിന്തുണച്ചത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും നിലപാടില്‍ വ്യക്തത വന്നില്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെയും ഗവര്‍ണ്ണറെയും ഒരു പോലെ എതിര്‍ക്കണമെന്നും യോഗം വിലയിരുത്തി. ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും യോഗത്തില്‍ വിമര്‍ശനം നേരിടേണ്ടി വന്നു.
