കൊച്ചി : കേരളത്തിലെ തെരുവുനായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി.അതേസമയം ഇത് പരിഹരിക്കപ്പെടേണ്ട വിഷയമാണെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കേസില്‍ വിശദമായി വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ രാജ്യത്ത് തെരുവ് നായകളുടെ ആക്രമണത്തിന് ഇരയായവരുടെ കണക്കുകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കി. കേരളത്തിലെ തെരുവ് നായ ശല്ല്യത്തെ കുറിച്ച് പഠിച്ച ജസ്റ്റിസ് സിരിജഗന്‍ സമിതി റിപ്പോര്‍ട്ടില്‍ വിയോജിപ്പുള്ളവര്‍ക്ക് സത്യവാങ്മൂലം നല്‍കാം. കുടുംബശ്രീയെ എബിസി പദ്ധതിയില്‍നിന്നും വിലക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
അതേസമയം, ഈ ആവശ്യം ഉന്നയിച്ച് പ്രത്യേക അപേക്ഷ നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ മാലിന്യപ്രശ്നമാണ് നായകളും എലികളും പെരുകാന്‍ കാരണമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. വന്ധ്യംകരണം കൃത്യമായി നടപ്പാക്കിയിരുന്നുവെങ്കില്‍ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. കേരളത്തിലെ തെരുവ് നായ പ്രശ്നം മറ്റ് സംസ്ഥാനങ്ങളിലെ പോലെയല്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. എല്ലാവരും മൃഗ സ്നേഹികളാണെങ്കിലും പരിഹാരം കാണേണ്ട ഗൗരവമായ വിഷയമാണ് ഇതെന്നും സുപ്രീം കോടതി വ്യക്തമാക്കി.