ചെന്നൈ: തമിഴ്നാടിനെ ഞെട്ടിച്ച് വീണ്ടും മദ്യദുരന്തം. കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് 13 പേര്‍ മരിച്ചു. 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുളള 10 പേരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക് മാറ്റി.കള്ളക്കുറിച്ചി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മറ്റുള്ളവര്‍ ചികിത്സയിലാണ്. മൂന്നുപേര്‍ വീട്ടില്‍വെച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ചിലര്‍ കരുണാപുരത്തുനിന്ന് വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചത്. തുടര്‍ന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. മരണകാരണം പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് കളക്ടര്‍ ശ്രാവണ്‍ കുമാര്‍ അറിയിച്ചു. രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മരണകാരണം സ്ഥിരീകരിക്കാന്‍ പരിശോധനാ ഫലം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് ആരോഗ്യമന്ത്രി മാ.സുബ്രഹ്മണ്യന്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
വ്യാജമദ്യം വിറ്റെന്നു കരുതുന്ന ഗോവിന്ദരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് 200 ലിറ്റര്‍ മദ്യം കണ്ടെടുത്തു. മദ്യത്തില്‍ മെഥനോളിന്‍റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
നടന്നത് വ്യാജ മദ്യദുരന്തമാണോയെന്നു ജില്ലാ കലക്ടര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരില്‍ ഒരാള്‍ മദ്യപിക്കുന്നയാളല്ലെന്നും മരിച്ച മറ്റു രണ്ടുപേര്‍ വയറിളക്കത്തെത്തുടര്‍ന്നാണു മരിച്ചതെന്നുമാണ് ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാര്‍ ശെഖാവത്ത് അറിയിച്ചത്. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. വ്യാജമദ്യം വിറ്റ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
എന്നാല്‍ ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കലക്ടര്‍ ശ്രാവണ്‍ കുമാര്‍ ശെഖാവത്തിനെ സ്ഥലം മാറ്റാനും പൊലീസ് സൂപ്രണ്ട് സമയ് സിങ് മീണയെ സസ്പെന്‍ഡ് ചെയ്യാനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉത്തരവിട്ടു. മദ്യദുരന്തത്തില്‍ സിബിസിഐഡി അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണു സൂചന. സംസ്ഥാനത്ത് വ്യാജമദ്യമൊഴുകുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ബി.ജെ.പി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ ആരോപിച്ചു.