ചെന്നൈ: ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് ടിആര്‍ ബാലുവിന്‍റെ മകന്‍ ടിആര്‍ബി രാജയെ ഉള്‍പ്പെടുത്തിയും ക്ഷീരമന്ത്രി എസ്എം നാസറിനെ ഒഴിവാക്കിയും തമിഴ്നാട്ടില്‍ മന്ത്രിസഭാ പുനസ്സംഘടന.മന്ത്രിസഭയിലെ മാറ്റങ്ങള്‍ക്കായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നല്‍കിയ ശുപാര്‍ശകള്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി അംഗീകരിച്ചതായി രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മന്നാഗുഡിയില്‍നിന്ന് മൂന്നു തവണ നിയമസഭാംഗമായ ടിആര്‍ബി രാജ ഡിഎംകെ ഐടി വിഭാഗം മേധാവിയാണ്. രാജ വ്യവസായമന്ത്രിയാവുമെന്നൈാണ് സൂചനകള്‍. പാര്‍ട്ടി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും സമ്പാദ്യത്തെക്കുറിച്ചുള്ള ശബ്ദസന്ദേശത്തിലൂടെ വിവാദത്തിലായ ധനമന്ത്രി പിടിആര്‍ പളനിവേലിനെ ഐടി വകുപ്പിലേക്കു മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐടി മന്ത്രി മാനോ തങ്കരാജിനെ ക്ഷീര വകുപ്പിലേക്കു മാറ്റും. നിലവിലെ വ്യവസായ മന്ത്രി തങ്കം തേനരശ് പുതിയ ധനമന്ത്രിയാവും.സ്റ്റാലിന്‍ മന്ത്രിസഭയുടെ രണ്ടാമത്തെ പുനസ്സംഘടനാണ് ഇത്.