ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു.
ആരാധനാലയങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി. നിലവില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ക്ഷേത്രങ്ങളിലും പള്ളികളിലും പ്രവേശനം അനുവദിച്ചിരുന്നില്ല. വെള്ളിയാഴ്ച മുതല്‍ ഈ നിയന്ത്രണവും നീക്കി.രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക് ഡൗണും സംസ്ഥാനത്ത് ഒഴിവാക്കി. ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം പൊതുയോഗങ്ങള്‍ക്കും ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരും. ഹോടെലുകളിലും തീയേറ്ററുകളിലും ഒരു സമയം 50 ശതമാനം പേരെന്ന നിയന്ത്രണവും തുടരും.തുടര്‍ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതോടെയാണ് തമിഴ്നാട്ടില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്. 10, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള പൊതുപരീക്ഷ ഇത്തവണ ഒഴിവാക്കില്ലെന്നു സര്‍കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് മേയില്‍ നടത്താനാണു തീരുമാനം. ആദ്യ റിവിഷന്‍ ടെസ്റ്റ് ഈ മാസം മൂന്നാം വാരത്തിലും രണ്ടാമത്തേത് മാര്‍ചിലും നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചതോടെ ഈ പരീക്ഷകള്‍ മാറ്റി വച്ചിരിക്കുകയാണ്. തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 28,515 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 2,13,534 ആയി. 51 മരണം കൂടിയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ മരണം 37,412 ആയി. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 19.9 ശതമാനം ആയി കുറഞ്ഞതാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലെത്തിയത്.