തപാല്‍ പാക്കിംഗ് ജോലിയില്‍ ഇനി കുടുംബശ്രീയും

Top News

തിരുവനന്തപുരം : പോസ്റ്റല്‍ വകുപ്പിലെ പായ്ക്കിംഗ് ജോലിയില്‍ കുടുംബശ്രീ അംങ്ങള്‍ പങ്കാളികളാകുന്നതോടെ പുതിയ ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പോസ്റ്റ് ഓഫീസുകളില്‍ തപാല്‍ ഉരുപ്പടികളുടെ പായ്ക്കിങ് ജോലി നിര്‍വഹിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും തപാല്‍ വകുപ്പുമായുള്ള ധാരണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്‍റെ ഉല്‍പന്നമായി ദാരിദ്ര ലഘൂകരണത്തിലൂടെ സ്ത്രീശാക്തീകരണം നടത്താന്‍ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാസമ്പന്നരായ യുവതികളേറെയുള്ള കേരളത്തില്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ശ്രമം ഗവണ്‍മെന്‍റ് നടത്തിവരികയാണ്. വാര്‍ഡ് അടിസ്ഥാനത്തില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവതികളുടെ 19,555 യൂണിറ്റുകളാണ് നിലവില്‍ രൂപീകരിച്ചിരിക്കുന്നത്. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ 20 സംരംഭങ്ങള്‍ കണ്ടെത്തി പുതിയ തൊഴിലിടങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റല്‍ വകുപ്പ് സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങള്‍ പാക്കിംഗ് ജോലിയില്‍ പങ്കാളികളാകുന്നത്. കേരളത്തിലെ ഏതു കോണിലും പാഴ്സല്‍ എത്തിക്കുവാന്‍ കൂടി കഴിയുന്ന രീതിയില്‍ കുടുബശ്രീക്ക് തുടര്‍ന്നും തപാല്‍ വകുപ്പുമായി സഹകരിക്കാന്‍ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന പദ്ധതിക്കാണ് കുടുംബശ്രീയും തപാല്‍ വകുപ്പും തമ്മില്‍ ധാരണയാകുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ് വകുപ്പു മന്ത്രി അബ്ദു റഹ്മാന്‍ അഭിപ്രായപ്പെട്ടു. സമത്വം എന്ന വാക്ക് അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത് കാര്‍ഷിക ഉല്‍പ്പന്നങ്ങളുള്‍പ്പെടെ കൊറിയര്‍ ആക്കി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബാങ്കിങ് മേഖലയിലേക്കു കൂടി തപാല്‍ വകുപ്പ് കടക്കുന്ന സാഹചര്യത്തില്‍ കുടുംബശ്രീക്ക് ഇനിയും കൂടുതല്‍ പങ്കുവഹിക്കാനുണ്ടെന്നും ചടങ്ങില്‍ മന്ത്രി അഭിപ്രായപ്പെട്ടു.കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്കും പോസ്റ്റല്‍ സര്‍വീസ് ഹെഡ് ക്വാര്‍ട്ടര്‍ ഡയറക്ടര്‍ കെ.കെ. ഡേവിസും ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഹര്‍ ഘര്‍ തരംഗയുടെ ഭാഗമായി തപാല്‍ വകുപ്പ് തയ്യാറാക്കിയ ദേശീയ പതാക ചടങ്ങില്‍ പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *