ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ലക്ഷ്യമിട്ട് നടന്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനാണ് പാര്‍ട്ടിയുടെ നീക്കം .9 ജില്ലകളിലേക്ക് ഒക്ടോബര്‍ ആറിനും ഒമ്പതിനുമായാണ് തെരഞ്ഞെടുപ്പ് .പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി കമല്‍ നേരിട്ടിറങ്ങുമെന്നാണ് റിപ്പോര്‍ട്ട് .
പാര്‍ട്ടി പുനര്‍നിര്‍മാണത്തിന്‍റെ ചവിട്ടുപടിയായാണ് കമല്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്. ‘തദ്ദേശ തെരഞ്ഞെടുപ്പില്‍ എം.എന്‍.എം ഒറ്റക്ക് മത്സരിക്കും. ഒമ്പത് ജില്ലകളിലും ഞാന്‍ പ്രചാരണത്തിനെത്തും. പടക്കളത്തില്‍ കാണാം. വിജയം നമുക്കാണ്’ കമല്‍ ട്വിറ്ററില്‍ കുറിച്ചു .
ഏപ്രിലില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ ജനനായക കക്ഷി, ആള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയെങ്കിലും മക്കള്‍ നീതി മയ്യം ദയനീയമായി പരാജയപ്പെടുകയായിരുന്നു. പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് പിന്നാലെ വൈസ് പ്രസിഡന്‍റ് ആര്‍. മഹേന്ദ്രന്‍ അടക്കം പ്രമുഖര്‍ പാര്‍ട്ടി വിട്ടിരുന്നു .