തദ്ദേശ ഉപതെരഞ്ഞെടുപ്പ് : യു ഡി എഫിന് വന്‍ നേട്ടം

Top News

തിരുവനന്തപുരം : സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. 16 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു. എട്ടു വാര്‍ഡുകള്‍ പുതുതായി പിടിച്ചെടുക്കാന്‍ കഴിഞ്ഞത് യുഡിഎഫിന് വന്‍ നേട്ടമായി. എല്‍ഡിഎഫ് 11 ഇടത്തും ബിജെപി രണ്ടിടത്തും ജയിച്ചു. രണ്ടു സീറ്റുകള്‍ നഷ്ടമായത് ബിജെപിക്കും തിരിച്ചടിയായി.ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് പഞ്ചായത്ത് എന്നിവിടങ്ങളിലെ വാര്‍ഡുകളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എട്ടു വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡ് എറണാകുളം കീരംപാറ പഞ്ചായത്ത് ആറാം വാര്‍ഡ്, വയനാട് കണിയാമ്പറ്റ പഞ്ചായത്ത് നാലാം വാര്‍ഡ്, തിരുവനന്തപുരം പഴയകുന്നുമ്മല്‍ പഞ്ചായത്ത് മഞ്ഞപ്പാറ വാര്‍ഡ്, തൃശൂര്‍ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍ ഡിവിഷന്‍, ആലപ്പുഴ പാലമേല്‍ പഞ്ചായത്ത് ആദിക്കാട്ടുകുളങ്ങര വാര്‍ഡ്, ഇടുക്കി ഇളംദേശം ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡ് , ആലപ്പുഴ പാണ്ടനാട് പഞ്ചായത്ത് വന്മഴി വാര്‍ഡ് എന്നിവയാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇതില്‍ പാണ്ടനാട് വാര്‍ഡ് ബിജെപിയില്‍ നിന്നും മറ്റുള്ളവ എല്‍ഡിഎഫില്‍ നിന്നുമാണ് പിടിച്ചെടുത്തത്.
എല്‍ഡിഎഫിന് കനത്ത നഷ്ടം എറണാകുളം കീരംപാറ പഞ്ചായത്തിലാണ്. ഈ വാര്‍ഡ് യുഡിഎഫ് പിടിച്ചതോടെ എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താല്‍ വാര്‍ഡ് യുഡിഎഫില്‍ നിന്നും എറണാകുളം പറവൂര്‍ നഗരസഭ വാണിയക്കാട് ഡിവിഷന്‍ ബിജെപിയില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ കാര്‍ത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡ് ബിജെപി സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തു. ആലപ്പുഴ മുതുകുളം ഗ്രാമപഞ്ചായത്ത്
നാലാം വാര്‍ഡില്‍ യുഡിഎഫ് സ്വാതന്ത്ര്യ സ്ഥാനാര്‍ത്ഥി ജി.എസ്.ബൈജുവാണ് വിജയിച്ചത്. ബിജെപി അംഗമായിരുന്ന ജി. എസ്.ബൈജു ബിജെപി നേതൃത്വവുമായി തെറ്റി അംഗത്വം രാജിവെച്ചു മത്സരിക്കുകയായിരുന്നു. സ്വതന്ത്രന്‍റെ പിന്തുണയോടെ 5 അംഗങ്ങളുള്ള സിപിഎമ്മിനാണ് ഇവിടെ ഭരണം. യുഡിഎഫ് 6, എല്‍ഡിഎഫ് സൗതന്ത്രണടക്കം 6, ബിജെപി 3 എന്നതാണ് കക്ഷിനില.

Leave a Reply

Your email address will not be published. Required fields are marked *