തിരൂരങ്ങാടി : മൂന്നിയൂര്‍ പഞ്ചായത്തിനെയും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിക്കുന്ന മൂന്നിയൂര്‍ ചുഴലി പാലം കാലപ്പഴക്കത്താല്‍ തകര്‍ച്ചാഭീഷണിയില്‍ . 1983ല്‍ 82 മീറ്റര്‍ നീളത്തിലും രണ്ടര മീറ്റര്‍ വീതിയിലുമാണ് പാലം കടലുണ്ടിപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ചത്. രണ്ടറ്റത്തും പടവുകളോടെ നടപ്പാലമായി രൂപകല്‍പ്പന ചെയ്ത പാലമാണിത്. ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ച് ചെറിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പാകത്തിലാക്കി. 38 വര്‍ഷത്തെ കാലപ്പഴക്കത്താല്‍ പാലത്തിന്‍റെ തൂണുകളും കൈവരികളും പൊട്ടിപ്പൊളിഞ്ഞ് കോണ്‍ക്രീറ്റ് കമ്ബികളടക്കം ദ്രവിച്ച് ഏത് നിമിഷവും ഒരു തകര്‍ച്ചയുടെ വക്കിലാണ് ചുഴലി പാലം. വാഹനങ്ങള്‍ കടന്ന് പോവുമ്പോള്‍ പാലത്തിന് കുലുക്കം അനുഭവപ്പെടുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.മൂന്ന് ഭാഗവും കടലുണ്ടിപ്പുഴയാല്‍ ചുറ്റപ്പെട്ട ഒരു പ്രദേശമാണ് ചുഴലി. അയ്യായിരത്തിലേറെ വരുന്ന പ്രദേശത്തുകാര്‍ക്ക് നിത്യാവശ്യങ്ങള്‍ക്ക് പാലത്തിങ്ങല്‍, ചെമ്മാട്, പരപ്പനങ്ങാടി എന്നിവിടങ്ങളുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയവും ഈ പാലമാണ്.