തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് ഇനി ക്ലച്ചും ഗിയറും തടസ്സമാകില്ല. എച്ച് എടുക്കലിനും റോഡ് ടെസ്റ്റുകള്‍ക്കും ഓട്ടോമാറ്റിക്, ഇ-വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ഒടുവില്‍ മോട്ടോര്‍ വാഹന വകുപ്പ് അനുമതി നല്‍കി.ടെസ്റ്റുകള്‍ക്ക് ഗിയറുള്ള വാഹനങ്ങള്‍ തന്നെ വേണമെന്ന് നിര്‍ബന്ധിക്കരുതെന്നും ഓട്ടോമാറ്റിക് വാഹനങ്ങളും അനുവദിക്കാമെന്നും ആര്‍.ടി.ഒമാര്‍ക്കുള്ള സര്‍ക്കുലറില്‍ ഗതാഗത കമീഷണര്‍ വ്യക്തമാക്കുന്നു.
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി) ഡ്രൈവിങ് ലൈസന്‍സിന് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഏത് ട്രാന്‍സ്മിഷന്‍ സ്വഭാവത്തിലുള്ള (ഗിയറുള്ളത്, ഓട്ടോമാറ്റിക്) വാഹനവും ഡ്രൈവിങ് ടെസ്റ്റിനായി അനുവദിക്കാമെന്ന് നേരത്തെ തന്നെ കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കിയെങ്കിലും സംസ്ഥാനം തീരുമാനമെടുത്തിരുന്നില്ല. ഉപയോഗിക്കുന്ന ഇന്ധനമേതെന്നോ അല്ലെങ്കില്‍ ട്രാന്‍സ്മിഷനോ പരിഗണിച്ചല്ല ലൈസന്‍സ് നല്‍കുന്നതെന്നും വാഹനത്തിന്‍റെ സ്വഭാവം മാത്രമാണ് മാനദണ്ഡമാക്കുന്നതെന്നുമാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ നിലപാട്. എന്നാല്‍ നിരത്തില്‍ ഓട്ടോമാറ്റിക് വാഹനങ്ങള്‍ നിറയുമ്പോഴും ഗിയറുള്ള വാഹനത്തില്‍ പാസായാലേ ലൈസന്‍സ് കിട്ടൂ എന്നതായിരുന്നു സംസ്ഥാനത്തെ സ്ഥിതി.
റോഡ് ടെസ്റ്റ് നടത്തുമ്പോള്‍ ഗിയര്‍ മാറ്റുന്നതും മറ്റും പരിശോധിച്ചാണ് നിലവില്‍ ലൈസന്‍സ് നല്‍കുന്നത്. ഇതിനാണ് മാറ്റം വരിക. ക്ലച്ചിന്‍റെ സങ്കീര്‍ണതകള്‍ കാരണം നിരവധിപേര്‍ ടെസ്റ്റ് പരാജയപ്പെട്ടിരുന്നു. ക്ലച് വേണ്ടത്ര വശമില്ലാത്തതിതാല്‍ ടെസ്റ്റിനിടെ വണ്ടി ഓഫായിപ്പോയാല്‍ പരാജയപ്പെടുന്നതായിരുന്നു ഡ്രൈവിങ് പഠിതാക്കള്‍ നേരിടുന്ന വലിയ പ്രതിസന്ധി.
പുതിയ ഗതാഗത നയത്തിന്‍റെ ഭാഗമായി മലിനീകരണം കുറവുള്ള ഇ-വാഹനങ്ങളുടെ ഉപയോഗത്തിന് കേന്ദ്രം വലിയ പ്രോത്സാഹനം നല്‍കുന്നുണ്ട്.