കൊല്‍ക്കത്ത: ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റായ ഡ്യൂറന്‍ഡ് കപ്പില്‍ റിക്കാര്‍ഡ് കിരീടനേട്ടവുമായി മോഹന്‍ ബഗാന്‍. ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി 17-ാം ഡ്യൂറന്‍ഡ് കപ്പ് എന്ന പുതുചരിത്രമാണ് ബഗാന്‍ കുറിച്ചത്.
ആവേശം അലതല്ലിയ കോല്‍ക്കത്ത ഡര്‍ബിയില്‍, 71-ാം മിനിറ്റില്‍ ദിമിത്രിയോസ് പെട്രാടോസ് ആണ് ബഗാനായി വല കുലുക്കിയത്. 62-ാം മിനിറ്റില്‍ അനിരുദ്ധ് ഥാപ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയതോടെ പത്ത് പേരുമായി ആണ് ബഗാന്‍ മത്സരം പൂര്‍ത്തിയാക്കിയത്.ഗ്രൂപ്പ് മത്സരത്തില്‍ ബഗാനെ വീഴ്ത്തിയ ആത്മവിശ്വാസവുമായി ഫൈനലിനിറങ്ങിയ ഈസ്റ്റ് ബംഗാളിനാണ് ആദ്യ പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഗോളുകള്‍ അകന്നുനിന്നതോടെ, തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ട 16 വീതം കിരീടങ്ങള്‍ എന്ന റിക്കാര്‍ഡില്‍ നിന്ന് ബഗാന്‍ മുന്നേറുന്നത് നോക്കിനില്‍ക്കാനേ ഇബിക്ക് സാധിച്ചുള്ളു.
അടിപിടിയും സംഘര്‍ഷവും രൂക്ഷമായ മത്സരത്തിന്‍റെ 90+3-ാം മിനിറ്റില്‍ ബഗാന്‍ കോച്ച് യുവാന്‍ ഫെറാന്‍ഡോയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇബി സഹപരിശീകലന്‍ ഡിമാസ് ഡെല്‍ഗാഡോ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയതോടെ, മത്സരത്തിലെ മാനസികകരൂത്ത് തങ്ങള്‍ക്ക് നഷ്ടമായതായി ഇബി പറയാതെ പറയുകയായിരുന്നു.