ഡോ. സിസാ തോമസിന് വിസിയായി തുടരാം: ഹൈക്കോടതി

Kerala

സര്‍ക്കാര്‍ ഹര്‍ജി തള്ളി

സാങ്കേതിക സര്‍വ്വകലാശാല താല്‍ക്കാലിക വിസി നിയമനം ശരിവെച്ച് ഹൈക്കോടതി

സര്‍ക്കാറിന് കനത്ത തിരിച്ചടി

കൊച്ചി:വൈസ് ചാന്‍സലര്‍ നിയമനക്കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സാങ്കേതിക സര്‍വകലാശാല (കെ ടി യു )താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ.സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. നിയമനം ചോദ്യംചെയ്തു സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തളളി.
ഡോ.സിസ തോമസിന് വിസി ചുമതല നല്‍കിയ ചാന്‍സലറായ ഗവര്‍ണറുടെ നടപടിയില്‍ തെറ്റൊന്നും കാണുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. സിസ തോമസിന് വിസിയായി തുടരാം. സ്ഥിരം വിസിയെകണ്ടെത്താന്‍ മൂന്നുമാസത്തിനുളളില്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും ഉത്തരവിലുണ്ട്.
ഗവര്‍ണറുടെ നിയമനഉത്തരവ് ചോദ്യം ചെയ്തുളള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി അത്യപൂര്‍വമെന്ന് കോടതി ചൂണ്ടിക്കാട്ടി.യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചുതന്നെ യോഗ്യരായവരെ കണ്ടെത്താനുളള ശ്രമങ്ങള്‍ ചാന്‍സലറായ ഗവര്‍ണര്‍ നടത്തിയിട്ടുണ്ട്. ഡിജിറ്റില്‍ സര്‍വകലാശാല വിസിയടക്കം സര്‍ക്കാര്‍ ശുപാര്‍ശചെയ്ത രണ്ടുപേര്‍ക്കും സാങ്കേതിക സര്‍വകലാശാലയുടെ തലപ്പത്തിരിക്കാന്‍ യോഗ്യതയില്ല എന്ന ഗവര്‍ണറുടെ കണ്ടെത്തലും ശരിയാണ്. പ്രോ വൈസ് ചാന്‍സലര്‍ക്ക് വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് സര്‍വകലാശാല തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പത്തുവര്‍ഷത്തിലധികം അധ്യാപന പരിചയമുളളവരുടെ പട്ടിക തേടി ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് ഗവര്‍ണര്‍ കത്തയച്ചത് . സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ സിസ തോമസിനേക്കാള്‍ സീനിയോറിറ്റിയുളളവര്‍ ഉണ്ട് എന്നതും ശരിയാണ്. എന്നാല്‍ അവരൊക്കെ തിരുവനന്തപുരത്തിന് പുറത്താണ് ജോലി ചെയ്യുന്നത് എന്നതും അധിക ഉത്തരാവാദിത്വം നിറവേറ്റാന്‍ ബുദ്ധിമുണ്ടാകും എന്ന് തിരിച്ചറിഞ്ഞുമാണ് ചുമതല സിസ തോമസിന് കൈമാറിയത്. വിദ്യാര്‍ത്ഥികളാണ്പ്രധാനമെന്നും സര്‍വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനം മുന്നില്‍ക്കരുതിയാണ് സിസ തോമസിനെ നിയമിച്ചതെന്നമുളള ഗവര്‍ണറുടെ മറുപടിയും പരിഗണിക്കപ്പെടേണ്ടതാണ്.
നിയമനത്തിനുശേഷം സിസ തോമസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ജീവനക്കാരടക്കമുളളവരുടെ നടപടി അംഗീകരിക്കാനാകില്ല. വൈസ് ചാന്‍സലര്‍ പദവിയില്‍ ഇരിക്കാനുളള അധ്യാപന പരിചയവും സിസ തോമസിനുണ്ട്. ഗവര്‍ണര്‍ നടത്തിയ നിയമനം പക്ഷപാതപരമെന്നോ തെറ്റെന്നോ പറയാനാകില്ലെന്നുകൂടി വിലയിരുത്തിയാണ് സര്‍ക്കാരിന്‍റെ ഹര്‍ജി തളളിയതെന്ന് ഹൈക്കോടതി വ്യക്തമാക്കി.സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ. എം. എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്‍റ് ഡയറക്ടറായ ഡോ.സിസ തോമസിനു താല്‍ക്കാലിക വിസി ചുമതല നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടത്. എന്നാല്‍ വിസി ആകാന്‍ ഡോ.സിസാ തോമസിന് യോഗ്യതയില്ലെന്നും ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *