കൊല്ലം: ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപുമായി പൊലീസ് തെളിവെടുപ്പ് നടത്തി. സന്ദീപിന്‍റെ കുടവട്ടൂര്‍ ചെറുകരകോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സന്ദീപിന്‍റെ അയല്‍വാസിയും അധ്യാപകനുമായ ശ്രീകുമാറിന്‍റെ വീട്ടിലേക്കാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. അയല്‍വാസിയായ ശ്രീകുമാറിന്‍റെ വീട്ടില്‍ നിന്നാണ് സന്ദീപ് പ്രകോപിതനായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിളിച്ചുവരുത്തിയത്. അവിടെ എങ്ങനെയാണ് സന്ദീപ് എത്തിയതെന്ന് പൊലീസ് അന്വേഷിച്ചറിഞ്ഞു. കാലിന് പരുക്ക് സംഭവിച്ചത് എങ്ങനെയെന്ന കാര്യവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. അന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന അയല്‍വാസികളുടേയും ബന്ധുക്കളുടേയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. കൊട്ടാരക്കര ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് സന്ദീപ് ബന്ധുക്കളുമായി തര്‍ക്കമുണ്ടായിരുന്നു.
സന്ദീപിനെ മൂന്ന് സൈക്യാട്രിസ്റ്റുകള്‍ ഉള്‍പ്പടെ ഏഴ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ ഫലം ലഭ്യമായിട്ടില്ല. ഫലം ലഭിച്ചാല്‍ പ്രതിയെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ചും തെളിവെടുപ്പ് നടത്തും. പ്രതിയെ കൊട്ടാരക്കര എത്തിക്കുകയാണെങ്കില്‍ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുളള പ്രതിയെ കൊല്ലം റൂറല്‍ എസ് പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. പ്രതിക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നാണ് കൊട്ടാരക്കര കോടതി നിര്‍ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍ 15 മിനുട്ട് സമയം അന്വേഷണ ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തില്‍ അഭിഭാഷകന് പ്രതിയെ കാണാനും അനുമതിയുണ്ട്.