തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്.സന്ദീപിനെ രണ്ടുതവണയായി പരിശോധിച്ച വിദഗ്ദ്ധ സംഘങ്ങളുടേതാണ് റിപ്പോര്‍ട്ട്. സന്ദീപിന് മാനസികരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നും കാണിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പലതവണ പ്രതി ശ്രമിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതിയെ മാനസികരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാല്‍ യാതൊരു മാനസിക പ്രശ്നങ്ങളും സന്ദീപിന് ഇല്ലെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ആദ്യം പരിശോധിച്ച മെഡിക്കല്‍ സംഘത്തിന്‍റെ റിപ്പോര്‍ട്ടിന് പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച് പത്തുദിവസം പ്രത്യേക വൈദ്യസംഘത്തിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നായിരുന്നു ഈ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. മാനസിക പ്രശ്നത്തിന്‍റെ പേരില്‍ ഇനി കേസില്‍ നിന്ന് സന്ദീപിന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും പൊലീസ് പറഞ്ഞു. ഹൈക്കോടതി നേരത്തെ സന്ദീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ഡോ. വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അപൂര്‍വമായ സാഹചര്യം കേസില്‍ ഇല്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. സന്ദീപ് മാത്രമാണ് കേസിലെ പ്രതി. ഉദ്യോഗസ്ഥര്‍ക്കെതിരെ കണ്ടെത്തലൊന്നും ഇല്ല. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. 106 സാക്ഷികളെ വിസ്തരിക്കുകയും സമഗ്രമായ അന്വേഷണത്തിന് ശേഷം 89-ാം ദിവസം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. സന്ദീപിനൊപ്പമുണ്ടായിരുന്ന പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ഒഴിച്ചാല്‍ അന്വേഷണത്തില്‍ ഗുരുതരമായ പിഴവുകളൊന്നും ഹര്‍ജിക്കാര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞില്ല. പ്രതികളുടെ ആക്രമണത്തില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതിന് ഒരു ക്രിമിനല്‍ ഉദ്ദേശവും ആരോപിക്കപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.