ആലപ്പുഴ: ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടാവാന്‍ പാടില്ലെന്ന് മെഡിക്കല്‍ കോളേജ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗികളോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നും ചര്‍ച്ചയില്‍ ആരോഗ്യ മന്ത്രി നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് നിര്‍ദ്ദേശം.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അവയവം മാറി ശസ്ത്രക്രിയ, ആലപ്പുഴയില്‍ തുടര്‍ച്ചയായി ചികിത്സ പിഴവ് തുടങ്ങി മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കെതിരെ തുടരെ തുടരെ പരാതി ഉയര്‍ന്നതോടെയാണ് ആരോഗ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. രണ്ട് മെഡിക്കല്‍ കോളേജുകളുടെയും പ്രിന്‍സിപ്പാള്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍ തുടങ്ങിയവരെ വിളിച്ചുവരുത്തിയിരുന്നു. ആശുപത്രി പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. രോഗികളോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. ഒരു ടീമായി പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തരുത്. സ്വകാര്യപ്രാക്ടീസ് പിടിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ചികിത്സ രേഖകളും മരുന്ന് കുറിപ്പടികളും ഡിജിറ്റലാക്കണം.
ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെ ഉയര്‍ന്ന പരാതികളില്‍ ഡിഎംഒ റിപ്പോര്‍ട്ട് നല്‍കണം. മെഡിക്കല്‍ കോളെജ് ആശുപത്രികളില്‍ മതിയായ ജീവനക്കാര്‍ ഇല്ലെന്ന പരാതി യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ പരാതിയുയര്‍ന്ന ഡോക്ടര്‍മാര്‍ക്കെതിരായ കൂടുതല്‍ നടപടികളില്‍ ചര്‍ച്ചയുണ്ടായില്ല.