തിരുവനന്തപുരം: ജനങ്ങളുടെ നടുവൊടിച്ച് പെട്രോള്‍, ഡീസല്‍ വിലകള്‍ ഇന്നും കൂടി. ഇന്ന് 37 പൈസ വര്‍ദ്ധിച്ചതോടെ ഡീസല്‍ വിലയും സെഞ്ച്വറിയിലേക്ക് എത്തുകയാണ്. തിരുവനന്തപുരത്ത് ഡീസല്‍ വില 99 രൂപ 10 പൈസയാണ്. പെട്രോളിന് ഇന്ന് 30 പൈസയാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 78 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 103.80 രൂപയാണ് വില. ഇവിടെ ഡീസലിന് 97 രൂപ 20 പൈസയായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയ കാരണം പറഞ്ഞാണ് എണ്ണക്കമ്ബനികള്‍ ഇന്ധനവില കൂട്ടുന്നത്. മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവില കൂടാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
അന്താരാഷ്ട്രാ വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുമ്ബോള്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ കുത്തനെ കൂട്ടുന്ന എണ്ണക്കമ്ബനികള്‍ ക്രൂഡ് ഓയില്‍ വില കുറയുമ്ബോള്‍ വില കുറയ്ക്കാന്‍ തയ്യാറാവുന്നില്ല. വിലകുറയ്ക്കുന്നതില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരും തയ്യാറാവുന്നില്ല. പെട്രോള്‍, ഡീസല്‍ വിലകള്‍ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രം പറയുന്നതല്ലാതെ അതിനുള്ള ശക്തമായ നടപടികളും ഉണ്ടാവുന്നില്ല. വരുമാന നഷ്ടം ഉണ്ടാവുമെന്ന് പറഞ്ഞ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും പെട്രോള്‍, ഡീസല്‍ വിലകള്‍ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുകയാണ്. ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയ പാചകവാതകത്തിന്‍റെ വില അടിക്കടി കൂടുന്നതും അവര്‍ ചൂണ്ടിക്കാണിക്കുന്നു.