ഡിമോണ ആണവ നിലയം
വികസിപ്പിച്ച് ഇസ്രായേല്‍

Gulf World

ടെല്‍ അവീവ്: അണുവായുധം പറഞ്ഞ് ഇറാനുമേല്‍ ഉപരോധത്തിന് ലോകം നടപടികള്‍ ശക്തമാക്കുന്നതിനിടെ സ്വന്തം അണുവായുധ ശേഖരം വികസിപ്പിക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കി ഇസ്രായേല്‍. നെഗേവ് മരുഭൂമിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഡിമോണ ആണവ നിലയം അതിവേഗം വികസിപ്പിക്കുന്നതിന്‍െറ ഉപഗ്രഹ ചിത്രങ്ങള്‍ ഇന്‍റര്‍നാഷനല്‍ പാനല്‍ ഓണ്‍ ഫിസൈല്‍ മെറ്റീരിയല്‍ പുറത്തുവിട്ടു.ഡിമോണ നിലയത്തിന്‍െറ നൂറുകണക്കിന് മീറ്റര്‍ തെക്കോട്ടും പടിഞ്ഞാറു ഭാഗത്തുമാണ് വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. തൊട്ടുചേര്‍ന്ന്, ഷിമോണ്‍ പെരസിന്‍െറ പേരിലുള്ള നെഗേവ് ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്‍ററിലും വികസനം നടക്കുന്നുണ്ട്.
2018 അവസാനത്തിലോ 2019ലോ ആകാം ഇവിടെ നിര്‍മാണ പ്രവര്‍ത്തനം വീണ്ടും തകൃതിയാക്കിയതെന്നും രണ്ടു വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളാണ് ഉപഗ്രഹങ്ങള്‍ പകര്‍ത്തിയതെന്നും പ്രിന്‍സ്ടണ്‍ യൂനിവേഴ്സിറ്റി ഗവേഷകന്‍ പാവേല്‍ പൊഡ്വിഗ് പറയുന്നു.ഇറാനു മേല്‍ ലോകം ആണവ വിഷയത്തില്‍ സമ്മര്‍ദം ശക്തമാക്കുമ്പോഴും പതിറ്റാണ്ടുകളായി അണുവായുധം വികസിപ്പിക്കുന്ന രാജ്യമായ ഇസ്റായേലിനെതിരെ വിമര്‍ശനം പോലും ഉണ്ടാകുന്നില്ലെന്നതാണ് കൗതുകം. 90 അണുവായുധങ്ങള്‍ ഇതിനകം ഇസ്റായേല്‍ വികസിപ്പിച്ചതായി ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്‍റിസ്റ്റ്സ് പറയുന്നു. ഡിമോണയിലെ ഘനജല റിയാക്ടറില്‍നിന്ന് പ്ലൂട്ടോണിയം വികസിപ്പിച്ചാണ് ഇവ നിര്‍മിച്ചതെന്നാണ് നിഗമനം.ഇറാനിലെ ആണവ പദ്ധതിയായ നഥാന്‍സിലെ നിലയത്തിന്‍െറ പ്രവര്‍ത്തനം തകര്‍ക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ വൈറസ് പരീക്ഷിച്ചത് ഡിമോണ നിലയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
1950കളിലാണ് ഡിമോണയില്‍ ഇസ്റായേല്‍ നിലയം സ്ഥാപിക്കുന്നത്. ഫ്രഞ്ച് സര്‍ക്കാറാണ് ആവശ്യമായ സഹായം ചെയ്തത്. 2,500 ഓളം ഫ്രഞ്ച് പൗരന്മാര്‍ ആ ഘട്ടത്തില്‍ ഡിമോണ നിലയത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് കണക്ക്.പതിറ്റാണ്ടുകള്‍ കഴിഞ്ഞ് 80കളിലാണ് ഡിമോണ നിലയത്തെ കുറിച്ച വിവരങ്ങള്‍ പുറംലോകത്തെത്തുന്നത്. ബ്രിട്ടനിലെ സണ്‍ഡെ ടൈംസ് ആയിരുന്നു വിവരം പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *