ന്യൂഡല്‍ഹി: യു.പി.എസ്.സിയുടെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികള്‍ ശനിയാഴ്ച ജന്തര്‍ മന്ദറില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു . പരീക്ഷ എഴുതാന്‍ ഒരവസരം കൂടി നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. കോവിഡ് മഹാമാരി തയാറെടുപ്പിനെ ബാധിച്ചതിനാല്‍ ഒരവസരം കൂടി നല്‍കണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. ഈ ആവശ്യം ഉന്നയിച്ച് അഭിഷേക് ആനന്ദ് സിന്‍ഹയെന്ന ഉദ്യോഗാര്‍ഥി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ‘നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചിലര്‍ക്ക് വൈറസ്ബാധയേറ്റ് തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടു. അവര്‍ക്ക് അത്തരം സാഹചര്യത്തില്‍ പഠിക്കാന്‍ സാധിച്ചിട്ടില്ല’ സിന്‍ഹ പറഞ്ഞു.
കോവിഡ് കാലത്ത് രാപകല്‍ സേവനമനുഷ്ഠിച്ച നിരവധി ഡോക്ടര്‍മാരും സിവില്‍ സര്‍വീസിന് തയാറെടുക്കുന്നതായും അവര്‍ക്കും പഠിക്കാന്‍ സാധിച്ചിട്ടില്ലെന്നും സിന്‍ഹ ഓര്‍മിപ്പിക്കുന്നു.
എന്നാല്‍ സര്‍ക്കാറിനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയെന്നും അതിനാല്‍ അവര്‍ക്ക് വിടുന്നുവെന്നായിരുന്നു സുപ്രീം കോടതി ഹരജിയില്‍ വിധി പറഞ്ഞത്. തങ്ങളുടെ ആവശ്യം ന്യായമാണെന്ന് കോടതി അംഗീകരിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് പഠിതാക്കള്‍ സമരത്തിന്‍റെ മാര്‍ഗത്തിലേക്ക് തിരിഞ്ഞത്.