ഡല്‍ഹിയിലെ കര്‍ഷകസമരം
നൂറാം നാളിലേക്ക്

India Latest News

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കര്‍ഷകര്‍ തുടരുന്ന പ്രക്ഷോഭം നൂറാം നാളിലേക്ക്. മോദിസര്‍ക്കാര്‍ പാസാക്കിയ മൂന്ന് പുതിയ കര്‍ഷകനിയമങ്ങള്‍ക്കെതിരെ 2020 നവംബര്‍ 27 നാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം ആരംഭിച്ചത്. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും കുട്ടികളെയുമെടുത്ത് ഡല്‍ഹിയിലേക്ക് നടന്നുവന്ന സ്ത്രീകള്‍ സമരത്തിന് കരുത്തു പകര്‍ന്നു. കൊടും തണുപ്പില്‍ അവര്‍ ദേശീയ പാതയോരത്തെ ടെന്‍റുകളിലും ട്രാക്റ്ററുകളിലുമിരുന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു. യു.പിയിലും ഹരിയാനയിലും സംഘടിപ്പിക്കപ്പെട്ട മഹാപഞ്ചായത്തുകളില്‍ പതിനായിരങ്ങള്‍ അണിനിരന്നതോടെ സംസ്ഥാന സര്‍ക്കാറുകള്‍ക്കും കര്‍ഷകസമരം കടുത്തവെല്ലുവിളി ഉയര്‍ത്തി.
സമരം ആഗോള തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടതും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐക്യദാര്‍ഢ്യം ഉയര്‍ന്നതും കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. പിന്‍മാറില്ലെന്ന കര്‍ഷകരുടെ ഉറച്ച നിലപാടില്‍ ആ ചര്‍ച്ചകളൊക്കെയും പരാജയപ്പെടുകയായിരുന്നു. സര്‍ക്കാരുമായി ഇപ്പോഴും ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന നിലപാടിലാണ് കര്‍ഷകസംഘടനകള്‍. എന്നാല്‍, പുതിയ നിര്‍ദേശം മുന്നോട്ടുവയ്ക്കണം. മൂന്ന് നിയമവും പിന്‍വലിക്കുംവരെ കര്‍ഷകസമരം തുടരാനാണ് തീരുമാനം.നൂറ്ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കര്‍ഷസമരം എന്‍.ഡി.എക്കെതിരെ സംസ്ഥാനങ്ങളില്‍ പ്രചരണായുധമാക്കാനും ആലോചനയുണ്ട്.100 ദിവസമായ നാളെ മനേസര്‍ എക്സ്പ്രസ്പാത ഉപരോധവും എട്ടിന് മഹിള മഹാപഞ്ചായത്തും നടത്താനുമാണ് പദ്ധതി.
അതിനിടെ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിനുശേഷം 14 കര്‍ഷകരെ കാണാനില്ലെന്ന് കര്‍ഷക സംഘടനകള്‍. ഇവര്‍ കസ്റ്റഡിയില്‍ ഇല്ലെന്നാണ് പോലീസ് അറിയിച്ചത്. ഇവര്‍ ഇതുവരെ വീടുകളിലും എത്തിയിട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 163 കര്‍ഷകരുടെ പട്ടികയാണ് ഡല്‍ഹി പോലീസിന്‍റെ കൈയിലുള്ളത്. ഇതില്‍ നൂറിലധികം പേര്‍ ജാമ്യത്തിലിറങ്ങി. മറ്റുള്ളവര്‍ തീഹാര്‍ ജയിലിലുണ്ട്. കാണാതായ കര്‍ഷകരുടെ പേരുകള്‍ ഡല്‍ഹി പോലീസിന് കൈമാറിയെങ്കിലും ജയിലിലോ കസ്റ്റഡിയിലോ ഇവര്‍ ഇല്ലെന്നാണ് പോലീസ് അറിയിച്ചത്. ഇവര്‍ വീടുകളിലും തിരിച്ചെത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *