ന്യൂഡല്‍ഹി: വിവാദ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നത് തടയാനായി ഡല്‍ഹി സര്‍വകലാശാല പരിസരത്ത് 144 പ്രഖ്യാപിച്ച് സര്‍ക്കാര്‍.
നിയമവിരുദ്ധ കൂടിച്ചേരല്‍ ആരോപിച്ച് 24 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഗുജറാത്ത് കലാപം സംബന്ധിച്ച വിവാദ ഡോക്യുമെന്‍ററി വിദ്യാര്‍ഥികള്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ വൈദ്യുതി വിച്ഛേദിച്ച ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ അതേ വഴിയില്‍ ഡല്‍ഹി, അംബേദ്കര്‍ സര്‍വകലാശാലകള്‍.ഈ സര്‍വകലാശാലകളിലും ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ പദ്ധതിയിട്ടിരുന്നു. സ്ക്രീനിങ്ങിന് പദ്ധതിയിട്ട ഡല്‍ഹി സര്‍വകലാശാല ആര്‍ട്ട്സ് ഫാക്കല്‍റ്റിക്ക് പുറത്ത് കൂട്ടം കൂടുന്നത് നിരോധിച്ച് പൊലീസ് ഉത്തരവിട്ടു. അംബേദ്കര്‍ യൂണിവേഴ്സിറ്റിയില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് പ്രദര്‍ശനം തടഞ്ഞത്.
എന്നാല്‍ ഡോക്യുമെന്‍ററിയുടെ ലിങ്ക് സഹിതമുള്ള ക്യുആര്‍ കോഡ് പ്രചരിപ്പിച്ച് ജെ.എന്‍.യുവിലെത് പോലെ ഇവിടെയും വിദ്യാര്‍ഥികര്‍ ഫോണിലും ലാപ്ടോപ്പിലും ഡോക്യുമെന്‍ററി കണ്ടു.
പ്രദര്‍ശനം തടയാനുള്ള അധികൃതരുടെ ശ്രമത്തിനെതിരെ ഇരു സര്‍വകലാശാലകളിലും വിദ്യര്‍ഥികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. അംബേദ്കര്‍ യൂനിവേഴ്സിറ്റി കാമ്പസില്‍ പ്രതിഷേധിച്ച നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാമ്പസില്‍ പൊതുസ്ക്രീനിങ്ങോ അനുവദിക്കില്ലെന്ന് ഡല്‍ഹി യൂനിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ അത് അവരുടെ ഫോണില്‍ കാണണോ എന്നത് അവരുടെ വിവേചനാധികാരമാണെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.
ഇത്തരം സ്ക്രീനിങ്ങിന് സര്‍വകലാശാലകള്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഡല്‍ഹി പൊലീസിനെ സര്‍വകലാശാല അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ സര്‍വകലാശാലകളില്‍ കനത്ത പൊലീസ് വിന്യാസം ഉണ്ടാകുമെന്നും സ്ക്രീനിങ്ങിന് വിദ്യാര്‍ഥികള്‍ ഒത്തുകൂടിയാല്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല തടഞ്ഞതിനു പിന്നാലെ വിദ്യാര്‍ഥികളുടെയും ഫാക്കല്‍റ്റി അംഗങ്ങളുടെയും അഭ്യര്‍ഥന മാനിച്ച് വെള്ളിയാഴ്ച ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കമ്പസിനുള്ളില്‍ സ്ക്രീനിങ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടാക്കിയതിന് സര്‍വകലാശാലയിലെ 13 വിദ്യാര്‍ഥകളെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഉള്ളടക്കം തടയാന്‍ സോഷ്യല്‍ മീഡിയ ഇടനിലക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ വ്യക്തികള്‍ ഡോക്യുമെന്‍ററി കണ്ടാല്‍, നിയമപരമായി അവരെ ശിക്ഷിക്കാന്‍ കഴിയില്ല.