ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ യ്ക്ക് നേരെ ആക്രമണം

Top News

ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരേ രാത്രിയില്‍ മദ്യപന്‍റെ അതിക്രമം. സ്വാതിയെ കടന്ന് പിടിച്ച അക്രമി വഴിയിലൂടെ 15 മീറ്ററോളം വലിച്ചിഴച്ചു.സംഭവത്തില്‍ തെക്കന്‍ ഡല്‍ഹിയിലെ സംഗം വിഹാര്‍ സ്വദേശിയായ ഹരീഷ് ചന്ദ്ര (47) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച പുലര്‍ച്ചെ 3.11 ഓടെയാണ് സംഭവം. രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ രാത്രികാലത്ത് നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനാണ് പുലര്‍ച്ചെ വനിതാ കമ്മീഷന്‍ അധ്യക്ഷ തെരുവിലിറങ്ങിയത്.എയിംസിന്‍റെ രണ്ടാമത്തെ ഗേറ്റിന് സമീപത്തായിരുന്ന സ്വാതിയുടെ അടുത്തേയ്ക്ക് എത്തിയ അക്രമി മോശമായി സംസാരിച്ചതോടെയാണ് സംഭവത്തിന്‍റെ തുടക്കം. തുടര്‍ന്ന് സ്വാതി പ്രതികരിച്ചതോടെ ഇയാള്‍ കാറിന്‍റെ ജനല്‍ തകര്‍ത്ത് സ്വാതിയെ അകത്തേയ്ക്ക് വലിച്ചിടാന്‍ ശ്രമിച്ചു.
ശക്തമായി പ്രതിരോധിച്ച കമ്മീഷന്‍ അധ്യക്ഷയെ അക്രമി റോഡിലൂടെ വലിച്ചിഴച്ചു. കമ്മീഷന്‍ അധ്യക്ഷയുടെ സഹായികളും സമീപത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഇവര്‍ എത്തിയാണ് സ്വാതിയെ രക്ഷിച്ചത്.മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു അക്രമി. പിന്നീട് പോലീസ് എത്തിയ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പുതുവത്സര ദിനത്തില്‍ ഡല്‍ഹിയിലെ തെരുവില്‍ യുവതിയെ വാഹനത്തില്‍ വലിച്ചിഴച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു കമ്മീഷന്‍ അധ്യക്ഷയുടെ പരിശോധന.കമ്മീഷന്‍ അധ്യക്ഷയായ തന്‍റെ ഗതി ഇതാണെങ്കില്‍ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്നും ദൈവമാണ് തന്‍റെ ജീവന്‍ രക്ഷിച്ചതെന്നുമാണ് സംഭവത്തോട് സ്വാതി പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *