ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശം സംബന്ധിച്ച് രാഹുല്‍ഗാന്ധിക്ക് ഡല്‍ഹി പൊലീസ് നല്‍കിയ നോട്ടീസിന് മറുപടിയുമായി കോണ്‍ഗ്രസ്. നോട്ടീസിന് യഥാസമയം നിയമപരമായി തന്നെ മറുപടിനല്‍കുമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. അതേസമയം രാഹുല്‍ഗാന്ധി പ്രാഥമിക മറുപടി നല്‍കിയതായി അറിയുന്നു. വിശദമായ മറുപടി നല്‍കാന്‍ സമയം തേടി.
ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറില്‍ നടന്ന സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാവുന്നതായി താന്‍ കേട്ടെന്ന് രാഹുല്‍ഗാന്ധി പറഞ്ഞത്.ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായിട്ട് 45 ദിവസം കഴിഞ്ഞു. ചില സ്ത്രീകള്‍ നേരിട്ട അതിക്രമം, ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിനോട് തുറന്നുപറഞ്ഞതില്‍ വിശദീകരണം തേടി പൊലീസ് നോട്ടീസ് അയച്ചിരിക്കുകയാണ്. നോട്ടീസിന് യഥാസമയത്ത് നിയമപരമായി തന്നെ മറുപടി നല്‍കും. സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട് എന്നതിന്‍റെയും ജനാധിപത്യം, സ്ത്രീശാക്തീകരണം, അഭിപ്രായ സ്വാതന്ത്ര്യം, പ്രതിപക്ഷം എന്നിവയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിന്‍റെതെളിവാണ് ഇത്. കോണ്‍ഗ്രസ് വ്യക്തമാക്കി.
ഡല്‍ഹി പൊലീസ് സംഘം വസതിയിലെത്തുന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധി കാറെടുത്തു പുറത്തുപോവുന്ന ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. രണ്ട് ഉന്നതപൊലീസ് ഉദ്യോഗസ്ഥരാണ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയത്.തുടര്‍ന്ന് വീടിന് ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്തു. അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.