ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റില്‍

Kerala

അറസ്റ്റ് മദ്യനയ അഴിമതിക്കേസില്‍

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു.
സെന്‍ട്രല്‍ ഡല്‍ഹിയിലെ ലോദി റോഡിലുള്ള സിബിഐ ഓഫീസില്‍ ഇന്നലെ രാവിലെ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി മനീഷ് സിസോദിയ സിബിഐക്ക് മുന്നിലെത്തിയത്. അതിന് തൊട്ടുമുമ്പ് താന്‍ ഭഗത് സിംഗിന്‍റെ അനുയായിയാണെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും സിസോദിയ ട്വീറ്റ് ചെയ്തിരുന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യംചെയ്യല്‍ എട്ടുമണിക്കൂറോളം നീണ്ടുനിന്നു. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.അറസ്റ്റിന്‍റെ പശ്ചാത്തലത്തില്‍ സിബിഐ ആസ്ഥാനത്തിനു ചുറ്റും പൊലീസ് നിരോധനാജ്ഞയും വന്‍ സുരക്ഷയും ഏര്‍പ്പെടുത്തി. മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു.
എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് മദ്യനയ അഴിമതിക്കേസില്‍ സിബിഐ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സിസോദിയയാണ് ഒന്നാം പ്രതി. ഡല്‍ഹി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിര്‍ന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സിസോദിയയുമായി ചേര്‍ന്ന് ചട്ടം ലംഘിച്ച് മദ്യവ്യാപാരികള്‍ക്ക് അനധികൃതമായി ടെണ്ടര്‍ ഒപ്പിച്ചുനല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. മലയാളിയും വ്യവസായിയുമായ വിജയ് നായര്‍ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവര്‍ക്ക് ഇവര്‍ കോടികള്‍ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.
2021 ല്‍ അവതരിപ്പിച്ച ഡല്‍ഹി മദ്യവില്‍പ്പന നയത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ലഫ്. ഗവര്‍ണറായിരുന്ന വിജയകുമാര്‍ സക്സേനയാണ് അന്വേഷണം പ്രഖ്യാപിച്ചത്.2021 നവംബറില്‍ നടപ്പാക്കിയ മദ്യനയം വിവാദത്തെ തുടര്‍ന്ന് 2022 ജൂലൈയില്‍ ആം ആദ്മി സര്‍ക്കാര്‍ പിന്‍വലിച്ചു.
കേസില്‍ സിബിഐ നടപടികള്‍ തുടരുകയാണ്. സിസോദിയയുടെ വീട്ടിലടക്കം രാജ്യത്ത് 31 ഇടങ്ങളില്‍ പരിശോധന നടത്തിയ സിബിഐ പ്രതികളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു. കണക്കില്‍പ്പെടാത്ത കോടികളുടെ ഇടപാട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നും കേന്ദ്രത്തിന്‍റെയും ബിജെപിയുടേയും ഗൂഢാലോചനയാണ് കേസെന്നുമാണ് സിസോദിയ ആവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *