ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുഗുണനിലവാരത്തില്‍ നേരിയ പുരോഗതി. അന്തരീക്ഷത്തില്‍ കാറ്റിന്‍റെ വേഗത കൂടിയതാണ് വായു ഗുണനിലവാരം നേരിയതോതില്‍ മെച്ചപ്പെടാന്‍ ഇടയാക്കിയത്. ഇതോടെ ഡീസല്‍ ട്രക്കുകള്‍ക്ക് ഡല്‍ഹിയില്‍ പ്രവേശനം അനുവദിച്ചു.
പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകളും ഇന്ന് തുറക്കും. എന്നാല്‍ കായിക മത്സരങ്ങള്‍ക്കും പുറത്തുള്ള അസംബ്ലിക്കും ഒരാഴ്ചത്തേക്ക് വിലക്ക് ഉണ്ട്.പുരോഗതിയുണ്ടെങ്കിലും ഡല്‍ഹിയിലെ പല മേഖലകളിലും വായുഗുണനിലവാര തോത് 300ന് മുകളിലാണ്.
കുറഞ്ഞ താപനിലയും കാറ്റിന്‍റെ കുറവും മലീനീകരണം കുറയാന്‍ തടസമായിരുന്നു. ഈ സാഹചര്യത്തിലാണ് നേരിയ മാറ്റമുണ്ടായിരിക്കുന്നത്. ഡല്‍ഹിയിലെ വായു മലിനീകരണത്തിന്‍റെ 45 ശതമാനവും വാഹനങ്ങളില്‍ നിന്നാണ്. ശനിയാഴ്ച ഇത് 38 ശതമാനമായി കുറഞ്ഞതായാണ് കണക്കുകള്‍ വിശദമാക്കുന്നത്.
നവംബര്‍ 21 മുതല്‍ കാറ്റ് ശക്തമാവുമെന്നും ഇത് വായുമലിനീകരണം കുറക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം വിശദമാക്കുന്നത്. ശനിയാഴ്ചയ്ക്ക് മുന്‍പുള്ള കണക്കുകള്‍ അനുസരിച്ചി ലോകത്തിലെ ഏറ്റവും മോശമായ വായുവുള്ള രണ്ടാമത്തെ നഗരമാണ് ഡല്‍ഹി. ബാഗ്ദാദാണ് ഒന്നാം സ്ഥാനത്തുള്ളത്.