ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം. ബുധനാഴ്ച രാവിലെ ദ്വാരക മേഖലയില്‍ വെച്ചാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ സ്കൂള്‍ വിദ്യര്‍ത്ഥിനിക്ക് നേരെ ആസിഡ് ഒഴിച്ചത്. പെണ്‍കുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പ്രദേശത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍ റോഡരികിലൂടെ നടക്കുന്നതും എതിരെ വന്ന ബൈക്ക് വേഗത കുറയ്ക്കുകയും യുവാക്കളിലൊരാള്‍ പതിനേഴുകാരിക്ക് നേരെ ആസിഡ് ഒഴിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ആക്രമണത്തിനിരയായ പെണ്‍കുട്ടി സമീപവാസിയുടെ അടുത്തേക്കാണ് സഹായത്തിനായി ഓടിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മുഖത്തും കണ്ണിലും ആസിഡ് വീണതായി പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ’13ഉം 17ഉം വയസുളള എന്‍റെ രണ്ട് പെണ്‍മക്കള്‍ ഒരുമിച്ചാണ് സ്കൂളിലേക്ക് പോയത്. ബൈക്കിലെത്തിയ രണ്ട് പേര്‍ മൂത്ത മകള്‍ക്ക് നേരെ ആസിഡ് ഒഴിച്ച് കടന്നുകളയുകയായിരുന്നു. അവര്‍ മുഖം മറച്ചിരുന്നു’. ആരെങ്കിലും ശല്യംചെയ്തിരുന്നതായി മകള്‍ ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കില്‍ മകള്‍ക്കൊപ്പം എല്ലായിടത്തേക്കും താനും ഒപ്പംപോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതികളില്‍ രണ്ടാമനായി തിരച്ചില്‍ തുടരുകയാണെന്നും വിവിധയിടങ്ങളില്‍ സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ അപലപിച്ച് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളും രംഗത്തെത്തി. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ തടയാന്‍ എന്തുകൊണ്ടാണ് ആസിഡ് വില്‍പ്പന നിയന്ത്രിക്കാന്‍ കഴിയാത്തതെന്ന് കമ്മിഷന്‍ അധ്യക്ഷ ചോദിച്ചു.