ട്വന്‍റി ട്വന്‍റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍
ശ്രീനിവാസന്‍

Uncategorized

കൊച്ചി: ട്വന്‍റിട്വന്‍റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ശ്രീനിവാസന്‍. മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പാണെന്നും കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്‍റിട്വന്‍റി മോഡലെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇന്ന് നടക്കുന്ന ട്വന്‍റി ട്വന്‍റിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം. ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്‍റി ട്വന്‍റിയില്‍ വരണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.ട്വന്‍റി ട്വന്‍റി എറണാകുളത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ മത്സരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ കേരളത്തില്‍ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. അങ്ങനെയെങ്കില്‍ താന്‍ അതില്‍ പ്രവര്‍ത്തിക്കുമെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി. താരങ്ങളുടെ രാഷ്ട്രീയപ്രവേശനം പാര്‍ട്ടികളെ കുറിച്ച് തിരിച്ചറിവ് ഇല്ലാത്തതിനാലാണ്. അവര്‍ക്കെല്ലാം നല്ല ബുദ്ധി തോന്നുമെന്നാണ് പ്രതീക്ഷയെന്നും ശ്രീനിവാസന്‍ പറഞ്ഞു.
എല്ലാ സംഘടിത മതങ്ങളും അതിശക്തമായി തമ്മിലടിക്കുകയാണ്. അതാണോ മതനിരപേക്ഷതയെന്ന് ശ്രീനിവാസന്‍ ചോദിച്ചു. നമ്മളൊന്നും പറയുന്നില്ല. നവോത്ഥാനത്തിന് നില്‍ക്കണമെന്നൊന്നും താന്‍ പറയുന്നില്ല.കാരണം എനിക്കറിയില്ല നവോത്ഥാനം എന്താണെന്ന്. ചവനപ്രാശം ലേഹ്യം പോലെയുളള സാധനമാണോ നവോത്ഥാനം എന്നും ശ്രീനിവാസന്‍ ചോദിച്ചു.
കുന്നത്തുനാട് മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ ഭരണം നേടിയ ട്വന്‍റി ട്വന്‍റി എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇത്തവണ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയകളുമായി മുന്നോട്ടുപോകുകയാണെന്നും, സമൂഹത്തിലെ എല്ലാതുറകളിലുമുളള വ്യക്തികള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകുമെന്നും ട്വന്‍റി ട്വന്‍റി കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *