ട്രെയിന്‍ തീവെപ്പ് : അന്വേഷണം ഊര്‍ജിതം

Latest News

. എലത്തൂര്‍ റെയില്‍വേ ട്രാക്കും പരിസരവും പ്രത്യേക അന്വേഷണസംഘം പരിശോധിച്ചു
. സംസ്ഥാനത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി
. പ്രതിക്കായി അന്വേഷണം ഉത്തരേന്ത്യയിലേക്ക്

കോഴിക്കോട് : ട്രെയിന്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് എലത്തൂര്‍ റെയില്‍വെ ട്രാക്കും പരിസരവും പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി അജിത് കുമാര്‍, മറ്റ് അംഗങ്ങള്‍, ഐജി നീരജ് കുമാര്‍ ഗുപ്ത തുടങ്ങിയവര്‍ പരിശോധിച്ചു.കേസുമായി ബന്ധപ്പെട്ട് ഇന്നലെ അന്വേഷണസംഘത്തിന്‍റെ യോഗം കോഴിക്കോട് ചേര്‍ന്നു.എഡിജിപി എം.ആര്‍.അജിത്കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. ആര്‍ പി എഫ് ഐ ജി ഈശ്വരറാവും യോഗത്തില്‍ പങ്കെടുത്തു. അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു.അതിനിടെ ട്രെയിന് തീവെച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന സമയങ്ങളില്‍ കര്‍ശന പരിശോധന നടത്തും. ട്രെയിനില്‍ കയറുന്ന യാത്രക്കാരെ വിശദമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി.
ഇന്നലെ മുതല്‍ ആരംഭിച്ച പരിശോധന കുറച്ച് ദിവസത്തേക്ക് തുടരും. ആര്‍.പി.എഫും ജി.ആര്‍.പിയും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
അതേസമയം ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയിലെന്നു ഇന്നലെ സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ത്ഷഹറില്‍ നിന്നാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയതെന്നുമായിരുന്നു വിവരം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. റെയില്‍വേ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങള്‍ ഉത്തര്‍പ്രദേശിലേക്ക് തിരിച്ചിരുന്നു. അന്വേഷണസംഘം നോയിഡയിലെത്തിയിരുന്നു.
ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ അജ്ഞാതന്‍ കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ യാത്രക്കാരുടെ ദേഹത്തേക്ക് വീശിയൊഴിച്ച ശേഷം തീ കൊളുത്തിയത്.സംഭവത്തെത്തുടര്‍ന്ന് യാത്രക്കാരായ മൂന്നുപേരെ റെയില്‍ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. തീവെപ്പില്‍ പൊള്ളലേറ്റ ഒമ്പതുപേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.നോയിഡ സ്വദേശി ഷഹറൂഖ് ഫൈസിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം.
ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ടിരുന്നു. എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപം ട്രാക്കില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ബാഗും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ ഇംഗ്ലീഷിലും ഹിന്ദിയലുമുള്ള കുറിപ്പുകള്‍ അടങ്ങിയ ബുക്കും അരക്കുപ്പി പെട്രോള്‍, മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍ , വസ്ത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, ടിഫിന്‍ ബോക്സുമാണ് കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *