തിരുവനന്തപുരം : ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ആരോഗ്യ സേവനങ്ങള്‍ സംബന്ധിച്ചും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സംസ്ഥാനതല വിദഗ്ദ്ധസമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.
സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ. കെ. ജയശ്രീ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാര്‍, കോട്ടയം മെഡിക്കല്‍ കോളജ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. ലക്ഷ്മി. എം, പേരൂര്‍ക്കട മെന്‍റല്‍ ഹോസ്പിറ്റല്‍ മെമ്പര്‍ ഡോ. ദിനേഷ് ബാബു, സ്റ്റേറ്റ് മെന്‍റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. കിരണ്‍ പി. എസ്, തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി മെമ്പര്‍ ശ്രീജ ശശിധരന്‍, സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ ശീതള്‍ ശ്യാം, സംസ്ഥാന ട്രാന്‍ഡജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ സൂര്യ ഇഷാന്‍, ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ സോനു നിരഞ്ജന്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുവേണ്ടിയുള്ള ദേശീയ കൗണ്‍സില്‍ മെമ്പര്‍ വിഹാന്‍ പീതാംബര്‍, സ്റ്റേറ്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ മെമ്പര്‍ ശ്യാമ എസ്. പ്രഭ, സ്റ്റേറ്റ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ മെമ്പര്‍ ലയ മരിയ ജെയ്സണ്‍ എന്നിവരാണ് അംഗങ്ങള്‍. സാമൂഹനീതി വകുപ്പ് ഡയറക്ടറാണു സമിതിയുടെ കണ്‍വീനര്‍.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള ആരോഗ്യസേവനങ്ങള്‍, ഏതെങ്കിലും ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഹോര്‍മോണ്‍ ചികിത്സ, ലിംഗമാറ്റ ശസ്ത്രക്രിയകള്‍ എന്നിങ്ങനെയുള്ള സംവിധാനം കൊണ്ടുവരല്‍, ട്രാന്‍സ്ജെന്‍ഡര്‍ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സര്‍ക്കാര്‍ മേഖലയില്‍ ഇത്തരം ശസ്ത്രക്രിയകളില്‍ പ്രാവീണ്യമുള്ള ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി ശസ്ത്രക്രിയകള്‍ നടത്തല്‍, ലിംഗമാറ്റ ശസ്ത്രക്രിയകള്‍ ഹോര്‍മോണ്‍ ചികിത്സള്‍, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സ്വകാര്യമേഖലയിലെ സാമ്പത്തിക ചൂഷണങ്ങള്‍ തടയുന്നതിനായി ഏകീകൃത ചികിത്സാ ചെലവ്, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം, ഇത്തരം സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് കൊണ്ടുവരിക, ഇവ നല്‍കുന്ന ആശുപത്രികള്‍ക്ക് അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടോ എന്നുള്ളത് ഉറപ്പാക്കല്‍ തുടങ്ങിയവയാണ് സമിതിയുടെ പരിഗണനാ വിഷയങ്ങള്‍. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ വ്യക്തികളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുമായി (പോസ്റ്റ്-സെക്സ് റീ-അസൈന്‍റമെന്‍റ് സര്‍ജറി, ജഛടഠ ടഞട) ബന്ധപ്പെട്ട പഠനം നടത്തുന്നതിന് മേല്‍ കമ്മിറ്റി ശിപാര്‍ശ സമര്‍പ്പിക്കണം.ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഒരു എത്തിക്കല്‍ കമ്മിറ്റി രൂപീകരിക്കുന്നതിനായി കമ്മിറ്റി അംഗങ്ങളെ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുന്നതിനും പ്രസ്തുത വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതല വിദഗ്ധ സമിതി മൂന്ന് മാസത്തിനകം പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കും.