ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലി രാജ്പഥിലേക്കല്ലെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഡല്‍ഹി അതിര്‍ത്തിയില്‍ സമാധാനപരമായി കിസാന്‍ പരേഡ് നടത്തും. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥിലേക്ക് മാര്‍ച്ച് നടത്തുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്രതിഷേധത്തെ അവഹേളിക്കാനാണ്. പരേഡിന്റെ റൂട്ടും വിശദാംശങ്ങളും നേതാക്കളുടെ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങ് പൂര്‍ത്തിയായ ശേഷമാണ് കിസാന്‍ പരേഡ് നടത്തുകയെന്ന് കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ളയും വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തില്‍ ജില്ലാതലങ്ങളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. കര്‍ഷകര്‍ക്കൊപ്പം തൊഴിലാളികളും അണിനിരക്കും. തിങ്കളാഴ്ച മഹിളാ കിസാന്‍ ദിനം ആചരിക്കും. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ 23 മുതല്‍ 25 വരെ രാജ്ഭവനുകള്‍ക്കു മുന്നില്‍ ഉപരോധം നടക്കും. നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തിനു ശേഷം പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടം തുടങ്ങുമെന്നും ഹനന്‍മൊള്ള പറഞ്ഞു.50 ദിവസം പിന്നിട്ട കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കര്‍ഷകര്‍ ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.