വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാനിപ്പിച്ച ഇറാന് ആണവ ചര്‍ച്ചയിലെ പങ്കാളിത്തം പുനരാംഭിക്കാന്‍ ബൈഡന് ഭരണകൂടം. ഇറാനുമായുള്ള ചര്‍ച്ചക്ക് യൂറോപ്യന്‍ യൂനിയന്റെ ക്ഷണം ബൈഡന് ഭരണകൂടം അംഗീകരിച്ചതായി യു.എസ് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് അറിയിച്ചു. ഇറാനും മറ്റു അഞ്ചു രാജ്യങ്ങളും നടത്തുന്ന സംഭാഷണങ്ങളില്‍ അമേരിക്കയും പങ്കാളിയാകുമെന്ന് നെഡ് പ്രൈസ് പറഞ്ഞു.2015ല്‍ ലോക വന്‍ശക്തികള്‍ ഇറാനുമായി ഒപ്പുവെച്ച ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉപരോധം ഇളവു ചെയ്യാമെന്ന വ്യവസ്ഥയില്‍ ഇറാനു മേല്‍ കടുത്ത നിബന്ധനകള്‍ അടിച്ചേല്പിച്ചാണ് ലോക വന്‍ശക്തികള്‍ കരാറിലൊപ്പുവെച്ചിരുന്നത്. എന്നാല്‍, കരാറില്‍നിന്ന് പിന്‍വാങ്ങുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു.
2018ലായിരുന്നു ഇറാനെ ഞെട്ടിച്ച് ട്രംപിന്റെ പിന്മാറ്റം. തൊട്ടുപിറകെ പുതിയ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു.ജോ ബൈഡന് അധികാരത്തിലെത്തിയ ഉടന്‍ ചര്‍ച്ച പുനരാരംഭിക്കാമെന്ന് ഇറാനും സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറാന് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ആണവ കരാറിലേക്ക് ഇറാന് തിരിച്ചെത്തണമെന്ന് യു.എസിനു പുറമെ യു.കെ, ഫ്രാന്‍സ്, ജര്‍മനി എന്നിവ ചേര്‍ന്ന് വ്യാഴാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്.യു.എസ് പിന്മാറ്റവും പുതിയ ഉപരോധവും ആരംഭിച്ചതിന് പിറകെ ആണവ പദ്ധതികള്‍ ഇറാന് പുനരാരംഭിച്ചിരുന്നു. അത്യാധുനിക സെന്‍ട്രിഫ്യൂഗുകളുടെ നിര്‍മാണത്തിനു പുറമെ യുറേനിയം ഉപയോഗിച്ച് ആയുധം വികസിപ്പിക്കാനും ഇറാന് തുടക്കമിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേ സമയം, നേരത്തെ ട്രംപ് ഇറാന് ഉദ്യോഗസ്ഥര്‍ക്കുമേല്‍ അടിച്ചേല്പിച്ച യാത്ര വിലക്കുള്‍പെടെ പുതിയ ഉപരോധ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ബൈഡന് ഉത്തരവിട്ടിട്ടുണ്ട്.