പട്യാല: മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീങ്കര്‍ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി. പഞ്ചാബിലെ പട്യാലയില്‍ നടക്കുന്ന 24ാമത് ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സില് ദേശീയ റെക്കോഡ് തകര്‍ത്താണു ശ്രീങ്കര്‍ ഒളിമ്പിക് യോഗ്യത നേടിയത്. അവസാന ശ്രമത്തില്‍ 8.26 മീറ്റര്‍ ചാടി ശ്രീങ്കര്‍ തന്റെ തന്നെ 8.20 മീറ്ററിന്റെ റെക്കോഡ് തകര്‍ത്തു. ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് 8.22 മീറ്ററാണ്.
മലയാളി താരം ഒളിമ്പിക് യോഗ്യത നേടിയത് “ജീതേംഗെ ഒളിമ്പിക്സ്” എന്ന ഹാഷ്ടാഗുമായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആഘോഷിച്ചു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുജുവും ശ്രീങ്കറിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ആദ്യ ചാട്ടത്തില്‍ തന്നെ എട്ട് മീറ്റര്‍ ചാടിയതോടെ റെക്കോഡ് തിരുത്താമെന്ന പ്രതീക്ഷയുണ്ടായെന്നു ശ്രീങ്കര്‍ പറഞ്ഞു. 2018 ല്‍ ഭുവനേശ്വറിലാണ് ശ്രീങ്കര്‍ ആദ്യമായി ദേശീയ റെക്കോഡിട്ടത്. അന്ന് 8.20 മീറ്ററാണു ചാടിയത്.