ടെക്നോപാര്‍ക്ക് ക്വാഡ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം

Kerala

സംയോജിത മിനി ടൗണ്‍ഷിപ്പ് പദ്ധതിയാണ് ക്വാഡ്

30 ഏക്കറില്‍ 1600 കോടിയുടെ പദ്ധതി

തിരുവനന്തപുരം :ടെക്നോപാര്‍ക്കിന്‍റെ നാലാംഘട്ടത്തില്‍ നടപ്പാക്കുന്ന ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. ടെക്നോപാര്‍ക്കിന്‍റെ നാലാംഘട്ടമായ ടെക്നോസിറ്റിയില്‍ വികസിപ്പിക്കുന്ന ഒരേ ക്യാമ്പസില്‍ ജോലി, ഷോപ്പിംഗ് സൗകര്യങ്ങള്‍, പാര്‍പ്പിട സൗകര്യങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍, കോളേജുകള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളുള്ള സംയോജിത മിനി ടൗണ്‍ഷിപ്പ് പദ്ധതിയാണ് ക്വാഡ്. ഏകദേശം 30 ഏക്കറില്‍ 1600 കോടി രൂപ മുതല്‍ മുടക്കില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 40 ലക്ഷം ചതുരശ്ര അടി ബില്‍റ്റ്-അപ്പ് സ്പെയ്സ് സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 2025 പകുതിയോടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
5.5 ഏക്കറില്‍ ഏകദേശം 381 കോടി രൂപ മുതല്‍മുടക്കില്‍ 8.50 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി ഓഫീസ് കെട്ടിടം ടെക്നോപാര്‍ക്ക് നിര്‍മ്മിക്കും. ടെക്നോപാര്‍ക്കിന്‍റെ തനത് ഫണ്ട് ഉപയോഗിച്ചോ ലോണ്‍ എടുത്തോ പൂര്‍ണമായും വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും കെട്ടിടം പാട്ടത്തിനും നല്‍കും. 6000 ഐടി പ്രൊഫഷണലുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി കെട്ടിടത്തിനുണ്ടാകും. 5.60 ഏക്കറില്‍ 350 കോടി രൂപ ചെലവില്‍ 9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മിക്സഡ് യൂസ് വാണിജ്യ സൗകര്യം ഏര്‍പ്പെടുത്തും.
4.50 ഏക്കറില്‍ 400 കോടി രൂപ മുതല്‍മുടക്കില്‍ ഐടി കോ-ദേവലപ്പര്‍ വികസിപ്പിക്കുന്ന 8 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടിഐടിഐഎസ് ഓഫീസ് സമുച്ചയം നിര്‍മ്മിക്കും. 6000 ഐടി പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ നല്‍കാനാകും. 10.60 ഏക്കറില്‍ 450 കോടി രൂപ മുതല്‍മുടക്കില്‍ 14 ലക്ഷം ചതുരശ്ര അടിവിസ്തീര്‍ണമുള്ള റസിഡന്‍ഷ്യല്‍ കോംപ്ലക്സും ഉണ്ടാകും.
വാണിജ്യ, പാര്‍പ്പിട കെട്ടിടങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്രട്ടറി കണ്‍വീനറും
ധനകാര്യം റവന്യൂ, പരിസ്ഥിതി, തദ്ദേശ സ്വയംഭരണ നിയമ ചീഫ് സെക്രട്ടറിമാര്‍, വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായുളള കമ്മിറ്റി രൂപീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *