ടൂറിസത്തിന് ഉണര്‍വേകി ഏഴിലം ബോട്ട് സര്‍വീസ്

Kerala

പഴയങ്ങാടി:കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അടഞ്ഞുകിടന്ന ടൂറിസം കേന്ദ്രങ്ങള്‍ തുറന്നതോടെ ഏഴോം ടൂറിസമായ ഏഴിലം ടൂറിസത്തിന്‍റെ ഉല്ലാസ ബോട്ട് സര്‍വീസും പുനരാരംഭിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ബോട്ട് സര്‍വീസ് നടക്കുക.
ചൂട്ടാട് ബീച്ച് പാര്‍ക്ക്, വയലപ്രം ഫ്ലോട്ടിംഗ് പാര്‍ക്ക് എന്നിവയും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പാര്‍ക്കുകളിലെ ഹോട്ടലുകളും അനുബന്ധ വ്യാപാര സ്ഥാപനങ്ങളും ഇതിനുപിന്നാലെ സജീവമായി. റിവര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഏഴോം കൊട്ടക്കീല്‍ കടവിന് സമീപത്തെ ഫിഷ്ലാന്‍ഡ് സെന്‍ററില്‍ നിന്നാണ് ഹൗസ് ബോട്ട് സര്‍വീസ് നടത്തുന്നത്. ടൂറിസം പ്രോത്സാഹനത്തിന് വേണ്ടി ഏഴോം സര്‍വ്വീസ് ബാങ്കിന്‍റെതാണ് ഉല്ലാസ ഹൗസ്ബോട്ട്. ഫിഷ്ലാന്‍ഡ് കേന്ദ്രീകരിച്ച് ഏഴിലം ബോട്ട് സര്‍വ്വീസിന്‍റെ ഭാഗമായി ഒരു ഡെ ക്രൂയിസര്‍ ബോട്ട്, രണ്ട് സ്പീഡ് ബോട്ടുകള്‍, രണ്ട് പെഡല്‍ ബോട്ടുകള്‍ എന്നിവയ്ക്ക് പുറമെയാണ് ഉല്ലാസ ഹൗസ്ബോട്ട് കൂടിയുള്ളത്. രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഹൗസ്ബോട്ട് നല്‍കുന്നത്.
എഴുപത് പേരെ വരെ വഹിക്കുവാനുള്ള ശേഷി ബോട്ടിനുണ്ട് ഒരു സിംഗിള്‍ ബെഡ്റൂം, അടുക്കള, വിശാലമായ ഹാള്‍ എന്നീ സൗകര്യങ്ങള്‍ ബോട്ടിനുള്ളില്‍ ഉണ്ടായിരിക്കും. ബോട്ടിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് പുഴയുടെ അഴകും കണ്ടല്‍കാടുകളുടെ സൗന്ദര്യവും ആസ്വദിച്ച് യാത്ര ചെയ്യാം. നേരിട്ടും ഓണ്‍ലൈനായും ഹൗസ്ബോട്ട് യാത്രയ്ക്ക് ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *