കൂരാച്ചുണ്ട്: പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളായ തോണിക്കടവ് ,കരിയാത്തുംപാറ എന്നീ ടൂറിസം പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലേയ്ക്കുള്ള റോഡില്‍ അവധി ദിവസങ്ങളില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനെതിരേ പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേയ്ക്ക്.
വിനോദസഞ്ചാരികളുടെ അനിയന്ത്രിതമായ സന്ദര്‍ശനം മൂലം 27-ാം മൈല്‍ മുതല്‍ കക്കയം വരെയുള്ള എട്ട് കിലോമീറ്ററോളം ദൂരത്തില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളമാണ് വാഹനങ്ങളുടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
സ്ഥിരമായി ശനി, ഞായര്‍ ദിവസങ്ങളില്‍ ഗതാഗത തടസം ഉണ്ടാകാറുള്ളത് നാട്ടുകാരെ ഏറെ ദുരിതത്തിലാക്കുന്നുവെന്നാണ് പരാതി. ഇതുമൂലം അടിയന്തര ഘട്ടങ്ങളില്‍ പോലും ഇതുവഴി യാത്ര ചെയ്യാന്‍ കഴിയാതെ വരുന്നുണ്ട്.
ഇവിടെയുള്ള പാര്‍ക്കിംഗ് നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതാണ് ഗതാഗതതടസത്തിന് കാരണമാകുന്നത്. നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പിഴയീടാക്കാനും യോഗം തീരുമാനിച്ചു. പദ്ധതി പ്രദേശത്തേക്ക് പ്രവേശിക്കാന്‍ മൂന്ന് ഗേറ്റുകളുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുന്നത് എന്നതും തിരക്കിന് കാരണമാകുന്നു. റോഡിനോട് ചേര്‍ന്ന് ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിച്ചത് ദുരിതമായി മാറിയതായും കൗണ്ടര്‍ മാറ്റി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പരാതികള്‍ ടൂറിസം മാനേജ്മെന്‍റ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും സത്വര നടപടികള്‍ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങാനുമാണ് തീരുമാനം.