ടി.ശിവദാസ മേനോന്‍ അന്തരിച്ചു

Latest News

കോഴിക്കോട് :മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി. ശിവദാസമേനോന്‍ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായി രുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെ രാവിലെ 11.30ഓടെയാണ് അന്ത്യം. 1987ല്‍ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി ഗ്രാമവികസന മന്ത്രിയായും 96 ല്‍ ധനകാര്യ- എക്സെസ് മന്ത്രിയായി പ്രവര്‍ത്തിച്ചു. രണ്ട് തവണയും മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ ഡെപ്യൂട്ടിചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചു.മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കള്‍: ലക്ഷ്മീദേവി, കല്യാണി. മരുമക്കള്‍: അഡ്വ. ശ്രീധരന്‍, സി.കെ കരുണാകരന്‍. സഹോദരന്‍: പരേതനായ കുമാരമേനോന്‍.ഏറെ നാളായി മഞ്ചേരിയില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം.സംസ്കാരം ഇന്ന് രാവിലെ 10.30ന് മഞ്ചേരിയിലെ വീട്ടുവളപ്പില്‍.പിയേഴ്സ്ലി കമ്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരന്‍കുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും രണ്ട് മക്കളിലൊരാളായി 1932ലാണ് ശിവദാസമേനോന്‍ ജനിച്ചത്. പുരോഗമനചിന്തയിലും കമ്യൂണിസ്റ്റ് ആശയങ്ങളിലും ആകൃഷ്ടനായ ശിവദാസമേനോന്‍ ജന്മിത്തത്തിനെതിരെയുള്ള പോരാട്ടത്തില്‍ കണ്ണിയാവുകയായിരുന്നുപാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ബിരുദവും കോഴിക്കോട് ട്രെയിനിങ് കോളേജില്‍നിന്ന് ബിഎഡും നേടിയ ശേഷം മണ്ണാര്‍ക്കാട് കെടിഎം ഹൈസ്കൂളില്‍ 1955ല്‍ ഹെഡ് മാസ്റ്ററായി. 1977ല്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ അധ്യാപക ജോലിയില്‍നിന്ന് വളണ്ടറി റിട്ടയര്‍മെന്‍റ് എടുത്ത് പിരിഞ്ഞു. അവിഭക്തകമ്യൂണിസ്റ്റ് പാര്‍ടിയുടെ പെരിന്തല്‍മണ്ണ താലൂക്ക് കൗണ്‍സില്‍ അംഗമായിരുന്ന അദ്ദേഹത്തെ മണ്ണാര്‍ക്കാട്ടും പരിസരപ്രദേശങ്ങളിലും പാര്‍ടി കെട്ടിപ്പടുക്കാനും അധ്യാപക സംഘടനയെ ശക്തിപ്പെടുത്താനും പാര്‍ടി നിയോഗിച്ചു. അധ്യാപക സംഘടനയായിരുന്ന പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്‍റ്, കെ.പി.ടി.എഫ് വൈസ് പ്രസിഡന്‍റ്, കെ.പി.ടി.യു ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.അവിഭക്തകമ്യൂണിസ്റ്റ് പാര്‍ടിയുടെ പെരിന്തല്‍മണ്ണ താലൂക്ക് കൗണ്‍സില്‍ അംഗമായിരുന്ന ശിവദാസമേനോന്‍ പാര്‍ടി പിളര്‍ന്നതിനെ തുടര്‍ന്ന് സി. പി.എമ്മില്‍ ഉറച്ചുനിന്നു. സി. പി.എം മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി. തുടര്‍ന്ന് ജില്ലാ കമ്മിറ്റിയംഗമായി. 1980ല്‍ ജില്ലാ സെക്രട്ടറിയുമായി. കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചു.ആശയവ്യക്തത,നര്‍മ്മം കലര്‍ന്ന സംഭാഷണശൈലി ആഴത്തിലുള്ള വായന എന്നിവ അദ്ദേഹത്തിന്‍റെ സവിശേഷതയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *