കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ രണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. സി.പി. എം നേതാക്കളായ കെ.കെ. കൃഷ്ണന്‍, ജ്യോതിബാബു എന്നിവരാണ് കോഴിക്കോട്ടെ വിചാരണ കോടതിയില്‍ കീഴടങ്ങിയത്.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പത്താം പ്രതി കെ.കെ കൃഷ്ണന്‍ 12-ാം പ്രതി ജ്യോതി ബാബു എന്നിവരെ കുറ്റമുക്തരാക്കിയ വിചാരണ കോടതി വിധി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി റദാക്കിയത്. ഇതേ തുടര്‍ന്നാണ് രണ്ട് പ്രതികളും എരഞ്ഞിപ്പാലത്തെ വിചാരണ കോടതിയിലെത്തി കീഴടങ്ങിയത്. ആംബുലന്‍സില്‍ കോടതിയിലെത്തിയ ജ്യോതി ബാബുവിനെ സ്ട്രച്ചറില്‍ കോടതി മുറിയിലെത്തിച്ചു. രണ്ട് പേരും ഗുരുതര ആരോഗ്യപ്രശ്നങ്ങളാല്‍ ചികിത്സയില്‍ കഴിയുന്നവരാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മെഡിക്കല്‍ രേഖകളും ഹാജരാക്കി. ഇരുവരെയും റിമാന്‍റ് ചെയ്ത കോടതി ആവശ്യമെങ്കില്‍ ചികിത്സ നല്‍കാനും ഉത്തരവിട്ടു. രണ്ട് പേരെയും ബീച്ചാശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം ജയിലിലെത്തിച്ചു. തുടര്‍ച്ചയായി ചികിത്സ വേണ്ടതിനാല്‍ ജ്യോതി ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.