ടി.ടി.ഇ വിനോദിന് അന്ത്യാഞ്ജലി

Kerala

. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസ്

കൊച്ചി : ട്രെയിനില്‍ ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരന്‍ തള്ളിയിട്ട് കൊന്ന ടി.ടി.ഇ വിനോദിന് അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങള്‍. മൃതദേഹം മഞ്ഞുമ്മലിലെ വീട്ടിലെത്തിച്ചപ്പോള്‍ വികാരഭരിത നിമിഷങ്ങളാണ് ദൃശ്യമായത്. അവസാനമായി വിനോദിനെ കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും നിരവധിപ്പേര്‍ വീട്ടിലേക്ക് എത്തിയിരുന്നു. അന്തിമോപചാരത്തിന് ശേഷം മൃതദേഹം ഏലൂര്‍ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ടുകൊന്ന പ്രതിക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി പ്രതി രജനികാന്ത വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടെന്നും തലയ്ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്.
സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് ടി.ടി.ഇ വിനോദിന് നേരിടേണ്ടിവന്നത്. എറണാകുളം – പാറ്റ്ന എക്സ്പ്രസ്സില്‍ ടിക്കറ്റ് ചോദിച്ചതിന്‍റെ വൈരാഗ്യത്തില്‍ പ്രതി രണ്ട് കൈകളും ഉപയോഗിച്ച് വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. എസ് 11 കോച്ചിന്‍റെ വലതുഭാഗത്തെ വാതിലിന് സമീപം നിന്നിരുന്ന വിനോദ് വീണത് എതിര്‍വശത്തെ ട്രാക്കില്‍. അതിലൂടെ വന്ന ട്രെയിന്‍ കയറിയാണ് സിനിമാ നടന്‍ കൂടിയായ വിനോദിന്‍റെ ദാരുണാന്ത്യം. തലയ്ക്ക് ഏറ്റ ആഴത്തിലുള്ള പരുക്കാണ് മരണകാരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. അതിനിടെ ട്രെയിനില്‍ നിന്ന് ടി.ടി.ഐയെ യാത്രക്കാരന്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം വേദനാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പ്രതിക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *