കൊച്ചി: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി. എച്ച്. മുസ്തഫ (82 ) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും അഞ്ച് തവണ നിയമസഭയിലേക്ക് എത്തിയ ടി.എച്ച്. മുസ്തഫ എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറി, പ്രസിഡന്‍റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്നു.ഭൗതികദേഹം ആലുവ ചാലയ്ക്കലിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം മാറമ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കം.
യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. തീപ്പൊരി പ്രസംഗത്തിലൂടെ വളരെപ്പെട്ടെന്നു തന്നെ ശ്രദ്ധേയനായി. 1977 ല്‍ ആലുവയില്‍ നിന്നാണ് മുസ്തഫ ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് 82, 87, 91,2001 ല്‍ കുന്നത്തുനാടിന്‍റെ എംഎല്‍എയായി. 1991 – 95 ല്‍ സംസ്ഥാന ഭക്ഷ്യമന്ത്രിയായി.
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ താലൂക്കിലെ വാഴക്കുളത്ത് ടി.കെ.എം. ഹൈദ്രോസിന്‍റെയും ഫാത്തിമ ബീവിയുടേയും മകനായി 1941 ഡിസംബര്‍ ഏഴിന് ജനിച്ചു. രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ മുസ്തഫയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
