ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു

Top News

പെരുമ്പാവൂര്‍: എം സി റോഡില്‍ താന്നിപ്പുഴ പള്ളിപ്പടിയില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം കുന്നശേരില്‍ കെ.ഐ. എല്‍ദോ (52), നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ മകള്‍ ബ്ലെസി (24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 7.45 ഓടെ പെരുമ്പാവൂര്‍ – കാലടി റൂട്ടില്‍ താന്നിപ്പുഴ പള്ളിപ്പടിക്കു സമീപമാണ് അപകടം.
കോതമംഗലത്തെ വീട്ടില്‍ നിന്നും പെരുമ്പാവൂര്‍ പ്രധാനപാത വഴി അങ്കമാലിയിലേക്ക് പോവുകയായിരുന്നു ഇരുവരും. കോയമ്പത്തൂരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ബ്ലെസിക്ക് തിരികെ കോളേജില്‍ പോകാനായി അങ്കമാലി റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. താന്നിപ്പുഴ പള്ളിക്ക് മുന്‍വശത്ത് എത്തിയപ്പോള്‍ അമിതവേഗതയിലെത്തിയ ടിപ്പര്‍ലോറി ബൈക്കിനു പിന്നില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ടുപേരും തെറിച്ചുവീണു. ഇരുവരുടെയും ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ബ്ലെസി സംഭവസ്ഥലത്തും എല്‍ദോ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.പെരുമ്പാവൂരില്‍ അസിസ്റ്റന്‍റ് കൃഷി ഓഫീസറാണ് എല്‍ദോസ്.
പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ളതാണ് ടിപ്പര്‍ ലോറി. പെരുമ്പാവൂരിലേക്ക് ലോഡുമായി വന്ന ലോറി ലോഡിറക്കിയ ശേഷം തിരികെ പോകുമ്പോഴാണ് അപകടം. ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *