തിരുവനന്തപുരം : സ്ഥിരം യാത്രക്കാര്‍ക്ക് സ്മാര്‍ട് കാര്‍ഡ് നല്‍കാനൊരുങ്ങി കെ എസ് ആര്‍ ടി സി. കൊവിഡ് ആരംഭിച്ചതോടെ സ്ഥിരം യാത്രക്കാരിലുണ്ടായ കൊഴിഞ്ഞു പോക്ക് അവസാനിപ്പിക്കുവാനാണ് പുതിയ തീരുമാനം. സ്ഥിരം യാത്രക്കാരില്‍ നല്ലൊരു പങ്കും വര്‍ക്ക് ഫ്രം ഹോം ആയതോടെ യാത്ര ഒഴിവാക്കുകയോ, കൊവിഡ് ഭീതിയില്‍ സ്വന്തം വാഹനങ്ങളില്‍ യാത്ര ആരംഭിക്കുകയും ചെയ്തതോടെയാണ് കെ എസ് ആര്‍ ടി സിയുടെ വരുമാനത്തില്‍ ഇടിവുണ്ടായത്. എന്നാല്‍ ഇപ്പോള്‍ പെട്രോള്‍ ഡീസല്‍ വില കത്തി നില്‍ക്കുന്നതിനാല്‍ സ്മാര്‍ട്ട് ട്രാവല്‍കാര്‍ഡുകളിലൂടെ യാത്രക്കാരെ തിരികെ ആകര്‍ഷിക്കാമെന്ന കണക്കുകൂട്ടലിലാണ് കെ എസ് ആര്‍ ടി സി.
സ്മാര്‍ട്ട് ട്രാവല്‍കാര്‍ഡുകളുടെ പരീക്ഷണം ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളിലാണ് നടപ്പിലാക്കുന്നത്. നവംബര്‍ ഒന്നിനാണ് ഈ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇതിനായി 5500 ആധുനിക ടിക്കറ്റ് മെഷീനുകളാണ് വാങ്ങുന്നത്. കൂടുതല്‍ യന്ത്രങ്ങളെത്തുന്നതോടെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിക്കും.
ട്രാവല്‍ കാര്‍ഡ് വാങ്ങുന്നവര്‍ക്ക് യാത്രയില്‍ ഇളവുണ്ടാവും. എന്നാല്‍ എത്രത്തോളം ഇളവ് നല്‍കണമെന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. ടിക്കറ്റെടുക്കുന്നതിന് പകരം ഇത് യാത്രയില്‍ ടിക്കറ്റ് മെഷീനില്‍ കാണിച്ചാല്‍ മാത്രം മതി. ട്രാവല്‍ കാര്‍ഡിന്‍റെ ഒരു വശത്ത് പരസ്യം പതിച്ച് വരുമാനമുണ്ടാക്കാനും ഉദ്ദേശമുണ്ട്, ഇതിലൂടെ ആദ്യം വാങ്ങുമ്ബോള്‍ യാത്രക്കാര്‍ക്ക് ഫ്രീയായി കാര്‍ഡ് നല്‍കാന്‍ കഴിയും. പിന്നീട് ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം.
സ്മാര്‍ട് കാര്‍ഡുകള്‍ക്ക് മുന്‍പ് 2017ല്‍ കെ എസ് ആര്‍ ടി സി ട്രാവല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു. അച്ചടിച്ച കാര്‍ഡുകളായിരുന്നു അന്ന് സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്കായി നല്‍കിയിരുന്നത്. 5000, 3000, 1500, 1000 എന്നിങ്ങനെയായിരുന്നു നിരക്ക്. എന്നാല്‍ യാത്രാ നിരക്ക് വര്‍ദ്ധിച്ചതോടെ പദ്ധതി പിന്‍വലിക്കുകയായിരുന്നു.