തിരുവനന്തപുരം: അവധി ദിനമായ ഞായറാഴ്ചയിലും ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിനായി ജോലിക്കെത്തി ഉദ്യോഗസ്ഥര്‍. സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് അവധി ദിനത്തിലും തുറന്നു പ്രവര്‍ത്തിച്ചത്.
ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ഫയല്‍ തീര്‍പ്പാക്കലിനുള്ള തീവ്രയജ്ഞം. തീര്‍പ്പാക്കാനുള്ള ഫയലുകളില്‍ പരിഹാരം കണ്ടെത്തി തീര്‍പ്പാക്കുന്നതിന് മാസത്തില്‍ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ഓരോ അവധി ദിനം പ്രവൃത്തി ദിനമാക്കി കൊണ്ടുള്ള നടപടി.
ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്ത് ഓഫീസുകളും നഗരസഭകളും ഇന്ന് തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട് .പഞ്ചായത്ത് ഡയറക്ടര്‍ ഓഫീസും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളും ഇന്ന് പ്രവര്‍ത്തിച്ചു.കണ്ണൂരില്‍ അവധി ദിനത്തിലും തുറന്നു പ്രവര്‍ത്തിച്ച മയ്യില്‍ പഞ്ചായത്ത് ഓഫീസില്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരെ അനുമോദിച്ചു. സന്ദര്‍ശനത്തെക്കുറിച്ച് മന്ത്രി തന്നെ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു.
മയ്യില്‍ പഞ്ചായത്ത് ഓഫീസില്‍ 90 ഫയലുകളാണ് ഇന്നലെ രാവിലെ വരെ പെന്‍ഡിംഗ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12.15ന് 59 എണ്ണം തീര്‍പ്പാക്കിയിരുന്നു, പെന്‍ഡിംഗ് ഫയലുകള്‍ 31 ആയി കുറഞ്ഞു. രണ്ട് മണി ആകുമ്പോള്‍ മയ്യിലിലെ മുഴുവന്‍ ഫയലും തീര്‍പ്പാക്കിയെന്ന് സെക്രട്ടറി അറിയിച്ചു.
ഇനി ഒരു ഫയല്‍ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളില്‍ ഒന്നായി അങ്ങനെ മയ്യില്‍ മാറി അവധി ദിനത്തിലും ഫയല്‍ തീര്‍പ്പാക്കാനായി ഓഫീസിലെത്തിയ മുഴുവന്‍ ജീവനക്കാരെയും ഒരിക്കല്‍ക്കൂടി അഭിവാദ്യം ചെയ്യുന്നു. മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
