ജോസിനും കാപ്പനും എതിരേ എന്‍ഡിഎയ്ക്ക്
സ്ഥാനാര്‍ത്ഥിയായി പി.സി.തോമസ് എന്ന് സൂചന

Kerala

കോട്ടയം: എല്‍ഡിഎഫിലേക്ക് വന്ന ജോസ്.കെ. മാണിയും എല്‍ഡിഎഫില്‍ നിന്നും പോയ മാണി സി കാപ്പനും മത്സരിക്കുന്ന പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പി.സി.തോമസ് വരുമോ കേരളരാഷ്ട്രീയം ഉറ്റുനോക്കുന്ന പാലായില്‍ ഇത്തവണ മത്സരം കടുക്കുമെന്നാണ് സൂചനകള്‍.ഇടതു സ്ഥാനാര്‍ത്ഥിയും ഐക്യജനാധിപത്യ മുന്നണിയും സ്ഥാനാര്‍ത്ഥികളുടെ കാര്യം ഏറെക്കുറെ തീരുമാനമായ സ്ഥിതിക്ക് എന്‍ഡിഎയുമായി അടുക്കുന്ന കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം ഇവിടെ മത്സരിക്കാനുണ്ടാകുമോ എന്നതാണ് ഉറ്റുനോക്കുന്നത്.
ഔദ്യോഗികമായ സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും ഒരിക്കല്‍ എന്‍ഡിഎയുടെ ഭാഗമായി ലോക്സഭയിലേക്ക് വിജയിച്ചു കയറുകയും പിന്നീട് അവരുമായി ബന്ധം പിരിയുകയും ചെയ്ത പിസി തോമസ് ബിജെപിയുടെ പരിപാടികളില്‍ സജീവമാണ്. എന്‍ഡിഎയില്‍ നിന്നും അകന്നു നിന്ന പിസി തോമസ് കെ. സുരേന്ദ്രന്‍റെ വിജയ യാത്രയില്‍ ബിജെപിയുടെ വേദിയില്‍ എത്തിയിരുന്നു. എന്‍ഡിഎ സംസ്ഥാന യോഗത്തിലും പങ്കെടുത്തു.
മാണി സി കാപ്പനും ജോസ് കെ മാണിയും തങ്ങളുടെ പഴയ കൂട്ടാളികള്‍ക്ക് എതിരേ മത്സരിക്കുമ്പോള്‍ പഴയ കൂട്ടാളികള്‍ക്കൊപ്പം പി.സി. തോമസ് മത്സരിക്കാന്‍ ഇറങ്ങിയാല്‍ ഏറ്റവും വലിയ താരപോരാട്ടവും അതിശക്തമായ മത്സരവും നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായി പാലാ മാറും.അതേസമയം മത്സരിക്കുന്ന കാര്യം തീരുമാനം എടുത്തിട്ടില്ലെന്നാണ് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പിസി തോമസ് പറഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *