ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

Top News

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്. ഡല്‍ഹി സി.ബി.ഐ യൂണിറ്റാണ് പ്രതികളെ പിടികൂടിയത്. കഠിനകുളം സ്വദേശികളായ അരുണ്‍, പ്രിയന്‍ എന്നിവരാണ് അറസ്റ്റിലായത്. റഷ്യയിലേക്കുള്ള മനുഷ്യക്കടത്തില്‍ തിരുവനന്തപുരത്തടക്കം സി.ബി.ഐ അന്വേഷണം നടത്തി വരികയായിരുന്നു.
സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ അടക്കം 19 പേരാണ് പ്രതിപട്ടികയിലുള്ളത്. നേരത്തെ തിരുവനന്തപുരം, ചെന്നൈ, മുംബൈ, ഡല്‍ഹി അടക്കമുള്ള 13 സംസ്ഥാനങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. 50 ലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് അന്വേഷണം നടക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നിരവധി യുവാക്കള്‍ സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍റുമാര്‍ വഴി റഷ്യയില്‍ ചതിയില്‍പ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു.തട്ടിപ്പിനിരയായ മലയാളികളായ ഡേവിഡ് മുത്തപ്പനും പ്രിന്‍സ് സെബാസ്റ്റ്യനും കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. പ്രിന്‍സിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *