ദുബായി: കോവിഡ് പെരുമാറ്റചട്ടം ലംഘിച്ച് രാജ്യത്ത് എത്തിയതിന് ടെന്നിസ് സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ ഓസ്ട്രേലിയ നാടുകടത്തി.വീസ റദ്ദാക്കിയ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് താരം കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. പിന്നാലെയാണ് താരത്തെ നാടുകടത്തിയത്.
ഇനി മൂന്ന് വര്‍ഷത്തേയ്ക്ക് ഓസ്ട്രേലിയയില്‍ പ്രവേശിക്കാനും ജോക്കോയ്ക്ക് കഴിയില്ല. ദുബായിയില്‍ എത്തിയ താരം വൈകാതെ സ്വദേശമായ സെര്‍ബിയയിലേക്ക് പോകും. 11 ദിവസത്തിനിടെ രണ്ടു തവണയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ താരത്തിന്‍റെ വീസ റദ്ദാക്കിയത്.കോവിഡ് വാക്സിന്‍ സ്വീകരിക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന് എത്തിയതോടെ വിമാനത്താവളത്തില്‍ ജോക്കോയെ തടഞ്ഞുവയ്ക്കുകയായിരുന്നു.
പിന്നീട് ഹോട്ടലില്‍ നിര്‍ബന്ധിത ക്വാറന്‍റൈനിലേക്ക് മാറ്റി.തുടര്‍ന്ന് കോടതിയെ സമീപിച്ച ജോക്കോയ്ക്ക് ആദ്യം അനുകൂല വിധി ലഭിച്ചു. താരത്തെ ഉടന്‍ മോചിപ്പിക്കാന്‍ മെല്‍ബണ്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടു. ആദ്യ കോടതി വിധിക്ക് പിന്നാലെ ജോക്കോയെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫിക്സര്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ നിലപാട് കടുപ്പിച്ച സര്‍ക്കാര്‍ രണ്ടു ദിവസത്തിന് ശേഷം വീസ വീണ്ടും റദ്ദാക്കി. രണ്ടാം തവണയും കോടതിയെ സമീപിച്ച ജോക്കോയ്ക്ക് പക്ഷേ, തിരിച്ചടി നേരിട്ടു. സര്‍ക്കാര്‍ നിലപാട് രണ്ടാം തവണ കോടതി ശരിവച്ചതോടെയാണ് താരത്തിന് ഓസ്ട്രേലിയ വിടേണ്ടി വന്നത്.