ജൈവവൈവിധ്യ കര്‍മ പദ്ധതി കൂടുതല്‍ പഞ്ചായത്തുകളില്‍ വ്യാപിപ്പിക്കും

Top News

തിരുവനന്തപുരം: ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള ദീര്‍ഘകാല പദ്ധതിയായി കേരളം നടപ്പാക്കുന്ന ജൈവവൈവിധ്യ ആസൂത്രണ കര്‍മ പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കൂടുതല്‍ പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ ജൈവവൈവിധ്യ പരിപാലന രംഗത്ത് ഇതു വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൈവവൈവിധ്യ ബോര്‍ഡിന്‍റെ 2019, 2020 വര്‍ഷങ്ങളിലെ ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജൈവവൈവിധ്യ സംരക്ഷണം സാമൂഹിക ഉത്തരവാദിത്തമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. യു.എന്‍.ഡി.പി. സഹായത്തോടെ നടപ്പാക്കുന്ന ജൈവവൈവിധ്യ ആസൂത്രണ കര്‍മ പദ്ധതി വരുന്ന 10 വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണത്തിനും സുസ്ഥിര ജൈവവൈവിധ്യ ഉപയോഗത്തിനും അതുവഴി ജനങ്ങളുടെ ജീവനോപാധി മെച്ചപ്പെടുത്തുന്നതിനുമായി തദ്ദേശ സ്ഥാപനങ്ങളിലെ ജൈവവൈവിധ്യ പരിപാലന സമിതികള്‍ വഴി നടപ്പാക്കുന്ന പദ്ധതി, ആദ്യ ഘട്ടമായി അതിരപ്പള്ളി പഞ്ചായത്തിലാണു നടപ്പാക്കിയിരിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴെല്ലാം പരിസ്ഥിതി സംരക്ഷണവും ജൈവ വൈവിധ്യ സുസ്ഥിരതയും ഉറപ്പാക്കുന്നതില്‍ സംസ്ഥാനം അതീവ ശ്രദ്ധവയ്ക്കുന്നുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിച്ച സംസ്ഥാനങ്ങളില്‍ തുടര്‍ച്ചായി ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കേരളത്തിനു കഴിയുന്നത് ഇതുകൊണ്ടാണ്. ജൈവവൈവിധ്യ സംരക്ഷണത്തിന്‍റെ മികച്ച മാതൃകകള്‍ മുന്നോട്ടുവയ്ക്കാനും കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ ജൈവവൈവിധ്യ പരിപാലന സമിതികള്‍ രൂപീകരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം കേരളമാണ്. എല്ലാ പഞ്ചായത്തിലും ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ പൂര്‍ത്തിയാക്കി. ഓരോ പ്രദേശത്തേയും ജൈവ സമ്പത്തിന്‍റെ പൂര്‍ണ വിവര പട്ടികയാണ് ഈ രജിസ്റ്ററിലുള്ളത്. തദ്ദേശതലങ്ങളില്‍ ജൈവ വൈവിധ്യ സംരക്ഷണത്തിനും പദ്ധതി ആസൂത്രണത്തിനും ഇത് ഉപകാരപ്പെടുന്നുണ്ട്. ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്‍റെ ഡിജിറ്റൈസേഷന്‍ ആരംഭിച്ചതായും ജനകീയ പങ്കാളിത്തത്തോടെ ഇക്കാര്യത്തിലും പൂര്‍ണ വിജയം കൈവരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൈവവൈവിധ്യ സംരക്ഷവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചു പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ ജൈവവൈവിധ്യ ബോര്‍ഡ് മുന്‍കൈയെടുക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രാദേശികതലത്തില്‍ നിരന്തര ബോധവത്കരണം വേണം. ഇതിനായി പ്രാദേശിക കൂട്ടായ്മകള്‍, പരിശീലനം തുടങ്ങിയവ ആരംഭിക്കണം. ജൈവവൈവിധ്യ പരിപാലനം ജീവിതചര്യയായി മാറ്റിയെടുക്കാന്‍ ഉതകുന്ന ഇടപെടലുകളാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിസ്ഥിതി, ജൈവ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിലൂടെയേ നവകേരളത്തിനു സുസ്ഥിരത ഉറപ്പാക്കാന്‍ കഴിയൂ എന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതിനും ജൈവവൈവിധ്യ സുസ്ഥിരത ഉറപ്പാക്കുന്നതിനും പ്രാദേശിക തലങ്ങളില്‍ കര്‍മ പദ്ധതികള്‍ നടപ്പാക്കുകയാണ്. ഇതു ശക്തിപ്പെടുത്തുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ജൈവവൈവിധ്യ സംരക്ഷണ പരിപാലനം ജനങ്ങളിലൂടെ സാധ്യതകളും നിയമവും’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സി. ജോര്‍ജ് തോമസ്, അംഗങ്ങളായ ഡോ. കെ. സതീഷ് കുമാര്‍, ഡോ. ടി.എസ്. സ്വപ്ന, ഡോ. കെ.ടി. ചന്ദ്രമോഹന്‍, കെ.വി. ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *