പട്ന: ബീഹാറില്‍ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ജനതാദള്‍ യുണൈറ്റഡ്. ജെ.ഡി.യു മത്സരിക്കുന്ന സംസ്ഥാനത്തെ 16 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ദേശീയ വൈസ് പ്രസിഡന്‍റ് വസിഷ്ഠ് നാരായണ്‍ സിംഗ് ആണ് പട്ടിക പ്രഖ്യാപിച്ചത്. രണ്ട് സിറ്റിംഗ് എംപിമാരെ ഒഴിവാക്കിക്കൊണ്ടുള്ള പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജെ.ഡി.യുവിന്‍റെ മുഖ്യ എതിരാളികളായ ആര്‍.ജെ.ഡി വിട്ട് പാര്‍ട്ടിയിലെത്തിയ ലൗലി ആനന്ദ് പട്ടികയില്‍ ഇടം നേടി. ഷിയോഹാറില്‍ നിന്നാണ് ലൗലി ആനന്ദ് ജനവിധി തേടുക. ഈ മാസം തുടക്കത്തിലാണ് ലൗലി ആനന്ദ് ജെഡിയുവിലെത്തിയത്.
ബിഹാറില്‍ ആകെ 40 ലോക്സഭാ സീറ്റുകളാണുള്ളത്. 17 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുക. 16 സീറ്റില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജെ.ഡി.യുവും അഞ്ച് സീറ്റുകളില്‍ ലോക് ജനശക്തിയും മത്സരിക്കും. ഏഴ് ഘട്ടങ്ങളായാണ് ബിഹാറില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്നു വരെയുള്ള തിയ്യതികളിലാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ഏഴ് ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ബീഹാര്‍.